വെള്ളയിൽ പൊലീസ് പിന്തുടർന്നതിനെ തുടർന്ന് വാഹനത്തിൻ്റെ നിയന്ത്രണം വിട്ട് കനോലി കനാലിൽ വീണ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

കോഴിക്കോട്: മത്സ്യത്തൊഴിലാളിയായ മക്കട പറമ്പത്ത് താഴത്ത് വീട്ടിൽ രജനീഷ്, വെള്ളയിൽ പൊലീസ് പിന്തുടർന്നതിനെ തുടർന്ന് വാഹനത്തിൻ്റെ നിയന്ത്രണം വിട്ട് കനോലി കനാലിൽ വീണ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജു നാഥ് ആവശ്യപ്പെട്ടു. അടുത്ത മാസം 20 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

ഇക്കഴിഞ്ഞ ജനുവരി ഒമ്പതിനാണ് സംഭവമുണ്ടായത്. ജോലി കഴിഞ്ഞ് പുതിയങ്ങാടി വഴി ഇരുചക്രവാഹനത്തിൽ വരികയായിരുന്ന രജനീഷിനെ പൊലീസ് പിന്തുടർന്നതായി ഭാര്യ പ്രേമ സമർപ്പിച്ച പരാതിയിൽ പറയുന്നു. രജനീഷ് കനാലിൽ വീഴുന്നത് കണ്ടിട്ടും പൊലീസ് കാഴ്ചക്കാരായി നോക്കിനിന്നുവെന്നും രക്ഷാപ്രവർത്തനം നടത്തിയില്ലെന്നും പരാതിയിൽ പറയുന്നു.

ഒരു മണിക്കൂറിന് ശേഷം പുറത്തെടുക്കുമ്പോൾ രജനീഷ് മരിച്ചിരുന്നു. രജനീഷ് അബദ്ധത്തിൽ കനാലിൽ വീണതായി വരുത്തി തീർക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. രജനീഷിനെ പൊലീസ് പിന്തുടരുന്നത് പുതിയങ്ങാടി ബാങ്കിൻ്റെ സി സി ടി വിയിൽ ഉണ്ടെന്നും പരാതിയിൽ പറയുന്നു.

Comments

COMMENTS

error: Content is protected !!