മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കെത്തുന്ന സ്ത്രീകളായ രോഗികൾക്ക് വനിതാ ജീവനക്കാരുടെ സേവനം ഉറപ്പുവരുത്തുമെന്ന് വനിതാ കമ്മീഷൻ
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കെത്തുന്ന സ്ത്രീകളായ രോഗികൾക്ക് വനിതാ ജീവനക്കാരുടെ സേവനം ഉറപ്പുവരുത്തുമെന്ന് വനിതാ കമ്മീഷൻ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡനത്തിനിരയായ യുവതിയെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീ ദേവി. നീതിലഭിക്കുന്നത് വരെ പൂർണ പിന്തുണയുണ്ടാകുമെന്നും വനിതാ കമ്മീഷൻ അറിയിച്ചു.
ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് വാർഡിലേക്ക് മാറ്റുന്നവർക്കും രോഗികളായ സ്ത്രീകൾക്കും വനിതാ ജീവനക്കാരുടെ സേവനം ലഭ്യമാക്കുമെന്നായിരുന്നു സതീ ദേവി വ്യക്തമാക്കിയത്. കൂടാതെ ആശുപത്രി ജീവനക്കാരുടെ കണക്കുകൾ സർക്കാരിനോട് ആവശ്യപ്പെടുമെന്നും കമ്മീഷൻ അറിയിച്ചു. പീഡനത്തിനിരയായ യുവതിക്ക് നീതി ലഭിക്കുന്നതിനായി ശക്തമായ ഇടപെടൽ നടത്തുമെന്ന് കമ്മീഷൻ വൃക്തമാക്കി. സംഭവത്തെ കുറിച്ച് ആശുപത്രി സൂപ്രണ്ടും പ്രിൻസിപ്പലുമായും വനിതാ കമ്മീഷൻ അദ്ധ്യക്ഷ ചർച്ച നടത്തിയിരുന്നു.