CRIME
മോഷണക്കുറ്റാരോപണം: ‘ജയ് ശ്രീറാം’ വിളിപ്പിച്ച് 7 മണിക്കൂർ മർദനം; യുവാവിനു ദാരുണാന്ത്യം
റാഞ്ചി ∙ ജാര്‍ഖണ്ഡില്‍ മോഷണക്കുറ്റത്തിനു പോസ്റ്റില്‍ കെട്ടിയിട്ട് ആള്‍ക്കൂട്ടം മർദ്ദിച്ചവശനാക്കിയ യുവാവ് മരിച്ചു. ഖര്‍സ്വാനില്‍ ജൂണ്‍ 18നു ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റ ഷാംസ് തബ്‌രീസ് (24) ആണ് ആശുപത്രിയിൽ മരിച്ചത്. ജുഡിഷ്യല്‍ കസ്റ്റഡിയിലായിരുന്ന തബ്‌രീസിന്റെ ആരോഗ്യനില ജൂണ്‍ 22ന് രാവിലെ മോശമായതിനു പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തബ്‌രീസിനെ തൂണിൽ ചേർത്ത് കെട്ടിയ ശേഷം ഏഴുമണിക്കൂറോളം അടിച്ച് അവശനാക്കിയെന്നും ‘ജയ് ശ്രീറാം, ജയ് ഹനുമാൻ’ എന്നു വിളിക്കാൻ നിർബന്ധിച്ചതായും പ്രതികൾ തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച വിഡിയോയിൽ കേൾക്കാം. നിലത്ത് പുല്ലില്‍ കിടക്കുന്ന തബ്‌രീസിനെതിരെ പ്രദേശവാസികൾ ആക്രോശം മുഴക്കുമ്പോൾ ഒരാൾ മരക്കഷ്ണം ഉപയോഗിച്ചു മർദിക്കുന്നതും കാണാം
ചൊവ്വാഴ്ച ജംഷഡ്പൂരിൽനിന്നും സെരായ്കേലയിലേക്ക് രണ്ട് സുഹൃത്തുക്കളുമൊത്തു മടങ്ങുമ്പോൾ ഗ്രാമത്തിൽനിന്നു കാണാതായ ബൈക്ക് മോഷ്ടിച്ചത് തബ്‌രീസും സുഹൃത്തുക്കളുമാണെന്ന് ആരോപിച്ച് പ്രദേശവാസികൾ വളയുകയായിരുന്നു. തബ്‌രീസിന്റെ കൂട്ടുകാർ ഓടിരക്ഷപ്പെട്ടു, മണിക്കൂറുകൾ നീണ്ട മർദ്ദനത്തിനൊടുവിൽ ബോധരഹിതനായ യുവാവിനെ ബുധനാഴ്ച രാവിലെയോടെ പ്രതികൾ പൊലീസിനു കൈമാറി. പുണെയില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്ന തബ്‌രീസ് വിവാഹത്തിനായി നാട്ടിലെത്തിയതായിരുന്നു.
പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷവും തബ്‌രീസ് ക്രൂരമർദ്ദനത്തിന് ഇരയായെന്നും ലാത്തിയടിയേറ്റ പാടുകൾ ശരീരത്തിൽ കാണാമെന്നും ബന്ധുക്കൾ ആരോപിച്ചു. മോഷണ ശ്രമത്തിനിടെ തബ്‌രീസിനെ നാട്ടുകാർ പിടികൂടിയെന്നും അതിക്രൂരമായി പ്രദേശവാസികൾ മർദിച്ചുവെന്നുമാണു പൊലീസ് ഭാഷ്യം.
തബ്‌രീസിനെ കുറിച്ച് അന്വേഷിക്കാൻ ചെന്ന ബന്ധുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും കള്ളനുവേണ്ടി സംസാരിക്കാൻ നിന്നാൽ ജയിലിൽ ഇടുമെന്ന് പറഞ്ഞു കാണാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും കൊലപാതകവുമായി ബന്ധപ്പെട്ട് പപ്പു മണ്ഡല്‍ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു
Comments