മൺമറഞ്ഞത് മദ്ദള വാദനത്തിലെ അതുല്യ പ്രതിഭ
കേരളത്തിലെ താളവാദ്യങ്ങളിൽ ഏറ്റവും ഭാരം കൂടിയ (ശരാശരി 15-20 കിലോഗ്രാം) വാദ്യ ഉപകരണവുമായി തന്റെ പതിനാലാം വയസു മുതൽ എൺപത്തിരണ്ടാം വയസു വരെ മദ്ദളവാദനം നടത്തിയ കലാകാരനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച മേലൂർ കെ. ഗംഗാധരൻ നായർ.
അച്ഛൻ കരിയാണ്ടി മീത്തൽ കുഞ്ഞിക്കണാരൻ നായരിൽ നിന്നും പൈതൃകമായി ലഭിച്ച മദ്ദളവാദന വൈദഗ്ധ്യം അടുത്ത തലമുറയിലേക്ക് താനാഗ്രഹിക്കുന്ന തരത്തിൽ പകർന്നു കൊടുക്കാൻ കഴിയാത്തതിലുള്ള ദുഃഖം അവശേഷിപ്പിച്ചാണ് അദ്ദേഹം യാത്രയായത്.
തന്റെ സർഗ്ഗാത്മക സിദ്ധികളെ മറ്റുള്ളവരിലേക്ക് പകർത്താനും പ്രചരിപ്പിക്കാനും തന്നാലാവും വിധം പരിശ്രമിച്ചിരുന്നു ഗംഗാധരൻ നായർ. കാഞ്ഞിലശ്ശേരി പഞ്ചവാദ്യ കലാകേന്ദ്രം സ്ഥാപിച്ച് ചെണ്ട, മദ്ദളം, കൊമ്പ്, ഇലത്താളം, തിമില എന്നിവ പരിശീലിപ്പിക്കാൻ അദ്ദേഹം മുൻകൈ എടുത്തു. അവിടെ പരിശീലനം നേടിയ പലരും അവരുടേതായ വാദ്യങ്ങളിൽ പ്രാഗത്ഭ്യം നേടി. സഹോദരൻ കൂടിയായ പരേതനായ ശിവദാസനും മദ്ദളത്തിന്റെ താളത്തെ പിൻതുടർന്നിരുന്നു.
ഗുരുസ്ഥാനത്ത് താൻ കരുതിയ ചേമഞ്ചേരി മാരാത്ത് അപ്പുമാരാർ തുടങ്ങി കേരളത്തിലെ പ്രഗൽഭരായ വാദ്യ കലാകാരൻമാരെ കൊണ്ടുവന്ന് തന്റെ ശിഷ്യൻമാർക്ക് ശിക്ഷണം നൽകാൻ അദ്ദേഹം ശ്രദ്ധിച്ചു.
നീണ്ട മുപ്പത്തിയെട്ടു വർഷക്കാലം ആകാശവാണിയിൽ കേളിക്കൈ അവതരിപ്പിച്ചും, കാത്തിലശ്ശേരി പഞ്ചവാദ്യ കലാകേന്ദ്രത്തിന്റെ പേരിൽ പഞ്ചവാദ്യം അവതരിപ്പിച്ചും ശ്രോതാക്കൾക്ക് മദ്ദളത്തിന്റെ ശബ്ദ വിരുന്നൊരുക്കി.
ഒരു വാദ്യകലാകാരൻ എന്ന നിലയിൽ കേരളത്തിലെ നിരവധിയായ ക്ഷേത്രങ്ങളിലും, പൂന, ഗുജറാത്ത്, ആന്ധ്ര പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലും ഗംഗാധരൻ നായരുടെ മദ്ദളവാദനത്തിന്റെ താളം മുഴങ്ങിയിട്ടുണ്ട്.
കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന ഒരു കലാകാരനായിരുന്നിട്ടും സർക്കാറിൽ നിന്നോ അധികാരികളിൽ നിന്നോ അർഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. കേരള ക്ഷേത്രേ വാദ്യകലാ അക്കാദമി ഏർപ്പെടുത്തിയ വയലൂർ കുട്ടൻ മാരാർ സ്മാരക അവാർഡ്, ശ്രീ കാഞ്ഞിലശ്ശേരി ഉണ്ണികൃഷ്ണൻ നായർ സ്മാരക പുരസ്കാരം എന്നിവയാണ് ഗംഗാധരൻ നായർക്ക് ലഭിച്ച സർക്കാറിതര അംഗീകാരങ്ങൾ.
പ്രായത്തിന്റെ അവശതകൾ തുടങ്ങിയ കാലത്ത് പലരും പറഞ്ഞ് സർക്കാറിന്റെ അവശ കലാകാരൻമാർ ക്കുള്ള പെൻഷനായി അപേക്ഷിച്ചു. അതിനായി പല വാതിലുകളിലും മുട്ടി. പക്ഷെ പെൻഷൻ മാത്രം ലഭിച്ചില്ല.
ഇരുപത് കിലോയോളം ഭാരമുള്ള ഒരു വാദ്യോപകരണം ഏറെ നേരം ഉദരത്തിൽ ധരിക്കുന്നതുമൂലമുണ്ടാകുന്ന ശാരീരിക പ്രയാസങ്ങൾ ഈ രംഗത്ത് പ്രവർത്തിക്കുന്ന വർക്കറിയാവുന്നതാണ്. മദ്ദളവാദനത്തോടുള്ള താൽപ്പര്യം ഒന്നു കൊണ്ടു മാത്രം കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ക്ഷേത്രങ്ങളിലും, വേദികളിലും മദ്ദളത്തിന്റെ മായിക ശബ്ദം ആസ്വാദകരേയും, ഭക്തരേയും കേൾപ്പിച്ച ഒരു വാദ്യ കലാകാരനാണ് വിട പറഞ്ഞത്.
സാംസ്കാരിക പ്രവർത്തകൻ കൻമന ശ്രീധരൻ മാസ്റ്റർ ഗംഗാധരൻ നായരെ ഓർമ്മിക്കുന്നു
‘മദ്ദളം ഗംഗാധരൻ നായർ’ എന്റെ ചിരകാല സുഹൃത്തും പ്രിയ കലാകാരനുമായ ഗംഗാധരൻ നായർ അറിയപ്പെടുന്നത് അങ്ങനെയാണ്. തന്റെ ഇഷ്ട വാദ്യത്തോടൊപ്പം തന്റെ പേരും. ഒരു കലാകാരന് സായൂജ്യമടയാൻ മറ്റെന്തു വേണം!
മൃദംഗത്തിന്റെ വലിയ രൂപമാണ് മദ്ദളം എന്ന താളവാദ്യം. പാകമെത്തിയ പ്ലാവ്, കണിക്കൊന്ന തുടങ്ങിയ മരങ്ങൾ കൊണ്ടാണ് മദ്ദളക്കുറ്റി നിർമ്മിക്കുക. ചർമ്മബദ്ധമായിരിക്കും മുഖം. വലതു വശം കാളയുടെയും ഇടതു വശം എരുമയുടെയും തുകലാണ് അധികവും ഉപയോഗിക്കാറുള്ളത്. കച്ചയുടെ സഹായത്താൽ മദ്ദളം അരയിലുറപ്പിച്ച് രണ്ട് കൈകളും ഉപയോഗിച്ചാണ് വാദനം. കൈവിരലുകളിൽ ചുറ്റുകൾ ഉപയോഗിക്കുന്നതിനാൽ നാദത്തിന് ഗാംഭീര്യമേറുന്നു.
ശുദ്ധനാദം പുറപ്പെടുവിക്കുന്നതിൽ ശുദ്ധമദ്ദളത്തെ വെല്ലാൻ മറ്റൊരു വാദ്യവുമില്ലെന്ന് തന്നെ പറയാം. മംഗളവാദ്യ ഗണത്തിൽ പെടുന്ന ശുദ്ധമദ്ദളത്തെക്കുറിച്ച് പുരാണങ്ങളിൽ പോലും പരാമർശങ്ങളുണ്ട്.
കഥകളി, കേളിക്കൊട്ട് , കൃഷ്ണനാട്ടം, പഞ്ചവാദ്യം തുടങ്ങിയ ആവിഷ്കാര കലകളിൽ ശുദ്ധ മദ്ദളത്തിന്റെ സ്ഥാനം അദ്വിതീയമത്രെ.
ഗംഗാധരൻ നായർക്ക് ഒരു വരദാനമായി ലഭിച്ചതാണ് മദ്ദളം വായനയിലുള്ള താല്പര്യം. പൈതൃകമായി ലഭിച്ച ആ സിദ്ധി നിരന്തരമായ പരിശീലനത്തിലൂടെ വികസിപ്പിച്ച് എടുക്കുകയായിരുന്നു . കരിയാണ്ടി മീത്തൽ കുഞ്ഞിക്കണാരൻ നായരുടെയും കാരോൽ കല്യാണിയമ്മയുടെയും മകനായി 1938 ലായിരുന്നു ഗംഗാധരൻ നായരുടെ ജനനം. മദ്ദളവാദനത്തിന്റെ ബാലപാഠങ്ങൾ അച്ഛനിൽ നിന്നു തന്നെയാണ് നേടിയെടുത്തത്. തുടർന്ന് മഹാ പ്രതിഭയായ കടവഞ്ചൂർ ഗോവിന്ദൻ നായരിൽ നിന്നായിരുന്നു ഉപരി പഠനം. തൃശൂരിലെ എരവത്ത് അപ്പു മാരാരിൽ നിന്ന് പഞ്ചവാദ്യത്തിൽ ലഭിച്ച പരിശീലനം മഹാഭാഗ്യമായി മാറി. മദ്ദളം വായിക്കാൻ ആദ്യ കാലത്ത് ആളുകൾ വിരളമായതിനാൽ കോഴിക്കോട് ജില്ലയിലെ ഒട്ടുമിക്കവാറും ക്ഷേത്രങ്ങളിലും കണ്ണൂരിലെ ചില ക്ഷേത്രങ്ങളിലും ഗംഗാധരൻ നായർക്ക് തന്നെയായിരുന്നു കഴകം. സന്തത സഹചാരിയും സഹപ്രവർത്തകനുമായ വിഖ്യാത കലാകാരൻ ശ്രീ. പണിക്കർ കണ്ടി മീത്തൽ അച്യുതൻ നായർ ഗംഗാധരൻ നായരെ ഓർമ്മിക്കുന്നത് വലിയ സ്നേഹ വായ് പോട് കൂടിയാണ്. ഗംഗാധരൻ നായരുടെ അനുജനും വളയനാട് ക്ഷേത്രത്തിലെ മദ്ദള വാദകനുമായിരുന്ന ശിവദാസൻ നായരുടെ അകാല ചരമം ഈ താളവാദ്യകലക്ക് വലിയ നഷ്ടമാണുണ്ടാക്കിയത്.
തന്നെ കാർന്നുതിന്നുകൊണ്ടിരുന്ന മാരകമായ രോഗത്തെ വകവെക്കാതെ അവസാന നാളുകളിൽ പൊയിൽക്കാവിലും കൊണ്ടും വെള്ളി അയ്യപ്പ ക്ഷേത്രത്തിലും അദ്ദേഹം കാഴ്ച വെച്ചിട്ടുള്ള പ്രകടനങ്ങൾ മഹാനായ ആ കലാകാരന്റെ അദമ്യമായ അഭിവാഞ്ഛക്കും അർപ്പണ മനോഭാവത്തിനും നിദർശനമായി എക്കാലവും നിലകൊള്ളും. താളവാദ്യത്തിലെ ഉത്തുംഗമായ ആ പ്രതിഭക്കു മുമ്പിൽ പ്രണാമം.
കന്മന ശ്രീധരൻ
ഇനി മേലൂരിലെ നാട്ടുവഴികളിലൂടെ മുറുക്കി ചുവന്ന ചുണ്ടുകളുമായി തന്റെ സൈക്കിളിൽ സഞ്ചരിക്കുവാനുണ്ടാവില്ല. കൊണ്ടം വെളളിയിലോ മേലൂരമ്പലത്തിലോ ഇനി ആ മദ്ദള നാദം കേൾക്കില്ല. ശാരീരിക സഹനവും, മനസിന്റെ സമർപ്പണവും ഒരുപോലെ സമന്വയിപ്പിച്ച ഒരു മദ്ദള കലാകാരനാവാൻ പുതുതലമുറയിലെ ആരെങ്കിലും തയ്യാറാവുമോ? ആ ചോദ്യമുയർത്തിക്കൊണ്ടാണ് ഗംഗാധരൻ നായരുടെ വീട്ടുമുറ്റത്ത് അദ്ദേഹത്തിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും ഒത്തുചേർന്നത്.
കലാമണ്ഡലം ശിവദാസ് , കടമേരി ഉണ്ണികൃഷ്ണൻ, പ്രജീഷ് കുമാർ കാർത്തികപ്പള്ളി, കാഞ്ഞിലശ്ശേരി അച്ചുതൻ നായർ , കാഞ്ഞിലശ്ശേരി വിനോദ് കുമാർ എന്നിവർ ഗംഗാധരൻ നായരുമൊത്തുള്ള തങ്ങളുടെ അനുഭവങ്ങൾ പങ്കു വെച്ചു. കുറച്ചു കാലമായി ഉദര സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. മീനാക്ഷിയമ്മയാണ് ഭാര്യ.പാറുക്കുട്ടി, മാലതി, ശാരദ എന്നിവരാണ് സഹോദരിമാർ. ഗീത, ഗിരിജ, ഗിരീഷ്, ഗിജില എന്നിവർ മക്കളും, ശ്രീധരൻ , ബാലകൃഷ്ണൻ, സിനില, നിജിൽ കുമാർ എന്നിവർ മരുമക്കളുമാണ്.