തിറയാട്ട കലാകാരനെ ആദരിച്ചു


കൊയിലാണ്ടി :പ്രശസ്ത തിറയാട്ടം കലാകാരനും കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവുമായ ഏ.പി. ശ്രീധരന്‍ തിരുവങ്ങൂരിനെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സംഘവും വീട്ടിലെത്തി അനുമോദിച്ചു. തന്റെ ജീവിതം തന്നെ തിറയാട്ടത്തിനും നാടന്‍ കലാ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉഴിഞ്ഞുവെച്ച കലാകാരനാണ് ശ്രീധരന്‍ തിരുവങ്ങൂര്‍. തിറയാട്ടം, കോപ്പ് നിര്‍മ്മാണം, മുഖത്തെഴുത്ത്, താളവാദ്യ ഉപകരണങ്ങളിലെ പ്രാവീണ്യം, തോറ്റം പാട്ട്, കരകൗശല വസ്തു നിര്‍മ്മാണം തുടങ്ങി നാടന്‍ കലകളുടെ വിവിധമേഖലകളില്‍ കഴിവു തെളിയിച്ച കലാകാരനാണ് ശ്രീധരന്‍.

താളപ്പെരുക്കങ്ങളായി, തോറ്റംപാടിയുറയിക്കാന്‍ വലംതലചെണ്ടയുമായി, കുരുത്തോലച്ചമയങ്ങളൊരുക്കി, മേലേരിത്തീയിലാടുന്ന കോലക്കാരനായി തിറയാട്ടക്കാവുകളില്‍ എന്നും മുഖശ്രീയായി നിന്ന കലാകാരനാണ് അദ്ദേഹം. പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കഴില്‍ പൊന്നാടയണിയിച്ചു. അതുല്യ ബൈജു, രാജേഷ് കുന്നുമ്മല്‍, രാജലക്ഷ്മി, ഗീത മുല്ലോളി, സജിത, റസീന, ഷാഫി, സന്ധ്യാ ഷിബു, വിജയന്‍ കണ്ണഞ്ചേരി, ഉമ്മാരിയില്‍ വിജയന്‍, പി.വല്‍സല, സംസാരിച്ചു.

 

Comments

COMMENTS

error: Content is protected !!