യാത്രക്കാരില്ല; ബസുകൾ ഓട്ടം നിർത്തുന്നു

കോഴിക്കോട് : കൊറോണഭീതി കാരണം യാത്രക്കാർ ഇല്ലാത്തതിനാൽ ബസുകൾ സർവീസ് നിർത്തി. യാത്രക്കാർ ഗണ്യമായി കുറഞ്ഞതിനെത്തുടർന്നാണ് ജില്ലയിൽ 250 -ൽപരം ബസുകളാണ് വിവിധ ദിവസങ്ങളിലായി ഓട്ടംനിർത്തിയത്. പൊതുഗതാഗതസംവിധാനം ആളുകൾ ഒഴിവാക്കിയത് ബസ്സുടമകൾക്ക് തിരിച്ചടിയായി. പല റൂട്ടുകളിലും വിരലിൽ എണ്ണാവുന്ന യാത്രക്കാർ മാത്രമേ ഉള്ളൂ. 700 ഓളം ബസുകളാണ് ജില്ലയിൽ സർവീസ് നടത്തുന്നത്.

 

70 രൂപ മുതൽ 100 വരെയാണ് ചെലവുകൾ കഴിഞ്ഞ് ഒരുദിവസം ലഭിക്കുന്നതെന്ന് ഉടമകൾ പറഞ്ഞു. തിരുവമ്പാടി, കൊടുവള്ളി, താമരശ്ശേരി റൂട്ടുകളിൽ ഞായറാഴ്ച മാത്രം 30 ബസുകളാണ് സർവീസ് നിർത്തിയത്. രാത്രി ഏഴുമണിയാവുമ്പോഴേക്കും സിറ്റി ബസുകൾവരെ സർവീസ് നിർത്തുകയാണ്.

 

ഡീസൽ അടിക്കാൻവരെ കഷ്ടപ്പെടുകയാണെന്ന് ജീവനക്കാർ പറഞ്ഞു. 50 മുതൽ 100 ലിറ്റർ ഡീസൽ ഒരുദിവസം അടിക്കേണ്ടിവരും.

 

ബസ് വ്യവസായം കടുത്ത പ്രതിസന്ധി നേരിടുമ്പോൾ കൊറോണ പടരുന്നത് ഉടമകൾക്ക് ഇരുട്ടടിയായി. എക്സൈസ് നികുതി വർധിപ്പിച്ചതും ബസ്സുടമകൾക്ക് തിരിച്ചടിയായി. ത്രൈമാസ നികുതിയായി 35,000 രൂപയാണ് അടയ്ക്കുന്നത്. ഒരേ റൂട്ടിലോടുന്ന ബസുകൾ പരസ്പരധാരണയോടെ വ്യത്യസ്ത ദിവസങ്ങളിൽ സർവീസ് നടത്തും.

 

ഉദാഹരണത്തിന് തിങ്കളാഴ്ച ഓടുന്ന ബസുകൾ ചൊവ്വാഴ്ച സർവീസ് നടത്തില്ല. ബസുകൾ സർവീസ് നിർത്തിയതിനെത്തുടർന്ന് ജീവനക്കാർ മറ്റുപ്പണിക്ക്‌ പോയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നത്. നിപ വന്നപ്പോൾപോലും ഇത്രയധികം പ്രതിസന്ധിയുണ്ടായിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്.

 

സ്വന്തംെെകയിൽ നിന്നെടുത്താണ് ഡീസൽവരെ അടിക്കുന്നതെന്നും ഡീസലിനുള്ള പണംപോലും ഈ ദിവസങ്ങളിൽ ലഭിച്ചില്ലെന്നും കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ. അബ്ദുൾ നാസർ പറഞ്ഞു. ഐ.ടി. കമ്പനികൾ ഉൾപ്പെടെയുള്ള ചില സ്വകാര്യസ്ഥാപനങ്ങൾ കൊറോണ ഭീതിയെത്തുടർന്ന് പൊതുഗതാഗതസംവിധാനം ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്.
Comments

COMMENTS

error: Content is protected !!