CRIME
യുവതിയുടെ ആത്മഹത്യ: കോമരം അറസ്‌റ്റിൽ
യുവതി ആത്മഹത്യ ചെയ്യാനിടയാകുംവിധം ‘കൽപ്പന’ നടത്തിയ കുടുംബക്ഷേത്രത്തിലെ കോമരം അറസ്‌റ്റിൽ. പാലാഴി കാരണത്ത് ശ്രീകാന്തി(25) നെയാണ് അന്തിക്കാട് പൊലീസ് അറസ്‌റ്റ് ചെയ്തത്. മണലൂർ പാലാഴി കാരണത്ത് ജോബിയുടെ ഭാര്യ ശ്യാംഭവി (30)യാണ് ആത്മഹത്യചെയ്തത്.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ജോബിയുടെ കുടുംബക്ഷേത്രത്തിലെ ചടങ്ങിനിടെ യുവതിക്ക് സ്വഭാവ ദൂഷ്യമുണ്ടെന്ന് കോമരം ‘കൽപ്പന’ പുറപ്പെടുവിച്ചു. പരിഹാരമായി ദേവിയോട് പരസ്യമായി മാപ്പ് പറയണമെന്നും നിർദേശിച്ചു. ബന്ധുക്കളും വീട്ടുകാരുമടക്കം വൻ ജനാവലി പങ്കെടുത്ത ചടങ്ങിലായിരുന്നു ഇത്.
സംഭവത്തിൽ മനംനൊന്ത് യുവതി പിറ്റേന്ന് വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. കോമരത്തിന്റെ സുഹൃത്തിന്റെ പ്രേരണയിലാണ് ഇത്തരത്തിൽ കൽപ്പന പുറപ്പെടുവിച്ചതെന്ന് അന്നുതന്നെ ആരോപണമുയർന്നു. കോമരത്തിനെതിരെ ശ്യാംഭവിയുടെ സഹോദരനും ഭർത്താവ് ജോബിയും മൊഴി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് അന്തിക്കാട് സിഐ പി കെ മനോജ് കുമാറും സംഘവും കോമരത്തെ അറസ്റ്റ് ചെയ്തത്.
യുവതിക്കെതിരെ നവമാധ്യമത്തിലൂടെ ചിലർ അപവാദ പ്രചരണം നടത്തിയതായും പരാതിയുയർന്നിരുന്നു. ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. എസ്ഐ കെ ജെ ജിനേഷ്, സിപിഒ കെ ബി ഷറഫുദ്ദീൻ, സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസർ കെ എച്ച് റഷീദ് എന്നിവരും അന്വേഷക സംഘത്തിലുണ്ടായിരുന്നു.
Comments