യു.എ. ഖാദറിന് നഗരം വിടചൊല്ലി; ആദരാഞ്ജലിയർപ്പിക്കാൻ അനേകരെത്തി

കോഴിക്കോട് : കറുത്ത പശ്ചാത്തലത്തിൽ ആദരാഞ്ജലികൾ എന്നെഴുതിയതിനു ചുവടെ, ചരിത്രമുറങ്ങുന്ന ടൗൺഹാളിൽ ചേതനയറ്റ് പ്രിയ എഴുത്തുകാരന്റെ ഭൗതികശരീരം. മൺമറഞ്ഞ സാഹിത്യകാരന്മാരടക്കം 145 മഹാരഥന്മാരുടെ ചിത്രങ്ങൾവെച്ച ചുമരുകൾ സാക്ഷി. വെൺമയാർന്ന വസ്ത്രങ്ങളാൽ പൊതിഞ്ഞ് ശീതീകരിച്ച പേടകത്തിൽ സൂക്ഷിച്ച ഭൗതികദേഹത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെ പ്രമുഖവ്യക്തികൾക്കും സംഘടനകൾക്കുംവേണ്ടി പുഷ്പചക്രമർപ്പിച്ചു.

ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ ഉത്തരമലബാറിന്റെ തനിമയാർന്ന പുരാവൃത്തങ്ങൾ നിറഞ്ഞ കഥകളിലൂടെ ശ്രദ്ധേയനായ കഥാകാരന് അന്തിമാഞ്ജലിയർപ്പിക്കാനെത്തി. കോഴിക്കോട് പട്ടാളപ്പള്ളിയിൽ മരുമകൻ സഹീറിന്റെ നേതൃത്വത്തിൽ നടന്ന മയ്യത്ത് നമസ്കാരത്തിനുശേഷമാണ് 11 മണിയോടെ മൃതദേഹം ടൗൺഹാളിലെത്തിച്ചത്. മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, എം.പി.മാരായ എം.കെ. രാഘവൻ, ബിനോയ് വിശ്വം, എളമരം കരീം, എം.എൽ.എ. മാരായ എ. പ്രദീപ്കുമാർ, പുരുഷൻ കടലുണ്ടി, കളക്ടർ എസ്. സാംബശിവ റാവു, സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, കെ.പി.സി.സി. വൈസ് പ്രസിഡന്റ് ടി. സിദ്ദിഖ്, സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനൻ, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, ജില്ലാ സെക്രട്ടറി വി.കെ. സജീവൻ, സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സി. എൻ. ചന്ദ്രൻ, ജില്ലാസെക്രട്ടറി ടി.വി. ബാലൻ, ഡി.സി.സി. മുൻപ്രസിഡന്റ് കെ.സി. അബു, എൻ.സി.പി. ജില്ലാ പ്രസിഡന്റ് ടി.പി. വിജയൻ, സംസ്ഥാന നിർവാഹകസമിതിയംഗം എം.പി. സൂര്യനാരായണൻ, കേളുഏട്ടൻ പഠനകേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ, എൽ.ജെ.പി. സംസ്ഥാന പ്രസിഡന്റ് എം. മെഹബൂബ് തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.

തൃക്കോട്ടൂർപെരുമയുടെ കഥാകാരന് ബാഷ്പാഞ്ജലിയുമായി എഴുത്തുകാരുടെ നീണ്ടനിരയും ടൗൺഹാളിലെത്തി. കവി പി.കെ. ഗോപി, സുഭാഷ് ചന്ദ്രൻ, പി.കെ. പാറക്കടവ്, കെ.പി. രാമനുണ്ണി, ഡോ. ഖദീജ മുംതാസ്, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, പി.കെ. പോക്കർ, ജാനമ്മ കുഞ്ഞുണ്ണി, ജമാൽ കൊച്ചങ്ങാടി, എ. ശാന്തകുമാർ എന്നിവർ അന്തിമാഞ്ജലിയർപ്പിച്ചു.

സിനിമാസംവിധായകൻ രഞ്ജിത്ത്, മജീഷ്യൻ പ്രദീപ് ഹുഡിനോ, പുരോഗമന കലാസാഹിത്യസംഘം സെക്രട്ടറി ഡോ. യു. ഹേമന്ത്കുമാർ, ട്രഷറർ വിൻസെന്റ് സാമുവൽ, ബേപ്പൂർ രാധാകൃഷ്ണൻ തുടങ്ങിയവരും ടൗൺഹാളിലെത്തി അന്തിമാഞ്ജലിയർപ്പിച്ചവരിൽപ്പെടുന്നു.

ഒരുമണിക്കൂറോളം പൊതുദർശനത്തിനുശേഷമാണ് മൃതദേഹം സംസ്ഥാന ബഹുമതികളോടെ കബറടക്കുന്നതിനായി തിക്കോടി ജുമാഅത്ത് പള്ളി കബർസ്ഥാനിലേക്ക് കൊണ്ടുപോയത്. സാഹിത്യതറവാട്ടിലെ കാരണവരായും പത്രപ്രവർത്തകനായും നടനായും ചിത്രകാരനായും പ്രശസ്തിയുടെ പടികൾ ചവിട്ടിക്കയറിയതിന് സാക്ഷിയായ നഗരത്തോട് എന്നേക്കുമായി അദ്ദേഹം വിടചൊല്ലി.

Comments

COMMENTS

error: Content is protected !!