രചനാമത്സരാർത്ഥികൾ ഇമ്മിണി ബല്യ സുൽത്താൻ്റെ വൈലാലിലെ വീട് സന്ദർശിച്ചു

മലയാളത്തിൻ്റെ വിശ്വവിഖ്യാതനായ കഥാകാരൻ  വൈക്കം മുഹമ്മദ് ബഷീറിൻ്റെ വൈലാലിൽ വീട്  രചനാ മത്സരാർത്ഥികൾ സന്ദർശിച്ചു. അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലെ രചനാ മത്സരാർത്ഥികൾക്കായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിച്ച ബേപ്പൂർ സുൽത്താൻ്റെ വീട്ടിലേക്കൊരു യാത്രയുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം.

യാത്രയുടെ ഫ്ലാഗ് ഓഫ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും ചേർന്ന് നിർവ്വഹിച്ചു. സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നും വിവിധ രചനാ മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളായിരുന്നു യാത്രാഅംഗങ്ങൾ.

വൈലാലിലെ വീട്ടിലെത്തിയ യാത്രാസംഘത്തെ ബഷീറിൻ്റെ മകൻ അനീസ് ബഷീറും കുടുംബവും ചേർന്ന് സ്വീകരിച്ചു. ഭാഗ്യം ലഭിച്ച കുട്ടികളാണ് നിങ്ങളെന്നും എംടിയെയും ബഷീറിനെയും പോലുള്ള എഴുത്തുകാർ വളർന്ന് വരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. വിട പറഞ്ഞിട്ട് വർഷങ്ങൾ പിന്നിടുമ്പോളും ബഷീർ ഇന്നും ഓർമിക്കപ്പെടുന്നത് ഏറ്റവും വലിയ അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാങ്കോസ്റ്റിൻ മരവും ബഷീറിൻ്റെ ഗ്രാമഫോണും കഥകളിലൂടെ മാത്രം അറിഞ്ഞ ബഷീറിൻ്റെ സാഹിത്യലോകവും കൺമുമ്പിൽ കണ്ടതോടെ പലർക്കും അതൊരു നവ്യാനുഭമായി. ശേഷം കുട്ടികൾക്കെല്ലാം ഹൽവ വിതരണം ചെയ്തു. കോഴിക്കോടിൻ്റെ ചരിത്രവും വിവരിച്ച് നൽകാൻ രജീഷ് രാഘവനും യാത്രയെ നയിക്കാൻ ഡിടിപിസി പോഗ്രാം കോഡിനേറ്റർ മുഹമ്മദ് ഇർഷാദുമുണ്ടായിരുന്നു.

Comments

COMMENTS

error: Content is protected !!