രണ്ടാം തവണ തെരഞ്ഞെടുപ്പ് നടത്തിയിട്ടും തോറ്റു; ഇസ്താംബുളില്‍ എര്‍ദോഗന്റെ പാര്‍ട്ടിക്ക് വീണ്ടും പരാജയം

ഇസ്താംബൂള്‍: രണ്ടാം പ്രാവശ്യം നടത്തിയ ഇസ്താംബൂള്‍ മേയര്‍ തെരഞ്ഞെടുപ്പിലും പ്രസിഡന്റ് എര്‍ദോഗാന്റെ നേതൃത്വത്തിലുള്ള ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടിയ്ക്ക് തോല്‍വി. പുതിയ ഫലങ്ങള്‍ പ്രകാരം റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥി ഇക്രിം ഇമാമൊഗ്ലു 54 ശതമാനം വോട്ടുകള്‍ നേടിയിട്ടുണ്ട്. 45 ശതമാനമാണ് എ.കെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുന്‍ പ്രധാനമന്ത്രിയുമായ ബിനാലെ യെല്‍ദ്രിമിന് ലഭിച്ചത്.
മാര്‍ച്ച് 31ന് നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ഇമാമൊഗ്ലുവിന് 48.8 ശതമാനം വോട്ടുകളും എ.കെ പാര്‍ട്ടിയ്ക്ക് 48.55 വോട്ടുകളുമാണ് ലഭിച്ചിരുന്നത്. മാര്‍ച്ചിലെ ഫലം എ.കെ പാര്‍ട്ടി അംഗീകരിച്ചിരുന്നെങ്കില്‍ കുറഞ്ഞ ഭൂരിപക്ഷത്തിന് മാത്രമാവുമായിരുന്നു തോല്‍വി.
തുര്‍ക്കിയുടെ സാമ്പത്തിക, സാംസ്‌ക്കാരിക തലസ്ഥാനമായ ഇസ്താംബൂള്‍ വര്‍ഷങ്ങളായി എ.കെ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളിലൊന്നായിരുന്നു. കുറഞ്ഞ സമയത്തിനിടെ രണ്ട് തവണ തെരഞ്ഞെടുപ്പുകളിലാണ് പാര്‍ട്ടി ഇവിടെ തോല്‍ക്കുന്നത്. മാര്‍ച്ചില്‍ അങ്കാറ പോലുള്ള സ്ഥലങ്ങളിലും എ.കെ പാര്‍ട്ടി പരാജയപ്പെട്ടിരുന്നു.
എര്‍ദോഗാന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പരാജയമായാണ് ഇസ്താംബൂളിലേത്. 1990 കളില്‍ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കകാലത്ത് നഗരത്തിന്റെ മേയറായിരുന്ന ആളാണ് എര്‍ദോഗാന്‍. ‘ഇസ്താംബൂള്‍ നഷ്ടപ്പെടുന്നവര്‍ക്ക് തുര്‍ക്കിയെയും നഷ്ടപ്പെട്ടു’ എന്ന് ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു.
Comments

COMMENTS

error: Content is protected !!