രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷ റദ്ദാക്കി. സർവ്വകലാശാലയിലേക്ക് വിദ്യാർത്ഥി മാർച്ച്
തേഞ്ഞിപ്പാലം: കോഴിക്കോട് സർവ്വകലാശാലയുടെ ആപ്തവാക്യമായ ‘നിർമ്മായ കർമണാ ശ്രീ’ എന്നത് മാറ്റി പകരം അവിടെ ‘ഒരു നിശ്ചയവുമില്ലയൊന്നിനും’ എന്നാക്കണമെന്ന് വിദ്യാർത്ഥികൾ പറയുന്നു. ബി എ, ബി എസ് സി രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ഇംഗ്ലീഷ് ചോദ്യപേപ്പറിൽ വീഴ്ച വന്നതിനെ തുടർന്ന് പരിക്ഷ റദ്ദാക്കിയ സർവ്വകലാശാലയുടെ നടപടിയാണ് അവസാനമായി വിദ്യാർത്ഥികളെ പ്രകോപിപ്പിച്ചത്. ഇതിനെതിരെ വിദ്യാർത്ഥി സംഘടനകൾ സമരം പ്രഖ്യാപിച്ചിരിക്കയാണിപ്പോൾ. ഇന്ന്(ഏപ്രിൽ 13 ) എസ് എഫ് ഐ സർവ്വകലാശാലാ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. കെ എസ് യു വും സമര പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. വിദ്യാർത്ഥികൾ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതിക്കഴിഞ്ഞ ശേഷമാണ് സർവകലാശാലാ അധികൃതർ രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷ റദ്ദ് ചെയ്യുന്നത്. കോവിഡ് കാരണം പറഞ്ഞ് രണ്ടാം സെമസ്റ്റർ മുതൽ കോളേജിലെത്തിയുള്ള പഠനം മറ്റ് സർവ്വകലാശാലകളേപ്പോലെ കോഴിക്കോട്ടും നടന്നിരുന്നില്ല. എന്നാൽ മറ്റ് സർവ്വകലാശാലകളിൽ ഓൺലൈൻ പഠനം നന്നായി നടന്നെങ്കിലും ഇവിടെ അതു മുണ്ടായില്ല. അവസാന ദിവസങ്ങളിൽ പാഠഭാഗങ്ങളൊന്നും തീർക്കാതെ തന്നെ, തുടർച്ചയായി സെമസ്റ്റർ പരീക്ഷകൾ നടത്തി തീർക്കുകയായിരുന്നു സർവ്വകലാശാല. ആറ് മാസത്തെ പഠനത്തിനൊടുവിൽ നടത്തേണ്ട പരീക്ഷകൾ രണ്ടാഴ്ച്ചത്തെ ഇടവേളകളിൽ ഒരു വിധ പഠനവും നടത്താതെ, ഒരുമിച്ച് നടത്തി തീർക്കുകയായിരുന്നു. ഇത് വരെ പുസ്തകം പോലും പ്രസിദ്ധികരിക്കാത്ത പേപ്പറുകൾക്കും പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഭാവി പന്താടുന്ന സർവ്വകലാശാലയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥികൾ സമരരംഗത്തിറങ്ങുന്നത്.