രണ്ടു മക്കളെക്കൊന്നശേഷം പോലീസുകാരന്റെ ഭാര്യ ആത്മഹത്യചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

ആലപ്പുഴ: രണ്ടു മക്കളെക്കൊന്നശേഷം പോലീസുകാരന്റെ ഭാര്യ ആത്മഹത്യചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആലപ്പുഴ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം കുറ്റപത്രം നല്‍കിയത്. ജാമ്യവ്യവസ്ഥ ലംഘിച്ച പോലീസുകാരന്റെ ജാമ്യം റദ്ദാക്കണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടു. ആലപ്പുഴ മെഡിക്കല്‍ കോളേജ് പോലീസ് എയ്ഡ് പോസ്റ്റിലെ സി പി ഒ റെനീസിന്റെ ഭാര്യ നജ്‌ല (27), മകന്‍ ടിപ്പുസുല്‍ത്താന്‍ (അഞ്ച്), മകള്‍ മലാല (ഒന്നേകാല്‍) എന്നിവരാണ് മരിച്ചത്. ആത്മഹത്യാ പ്രേരണക്കുറ്റമാണ് റെനീസിനെതിരേ ചുമത്തിയിരിക്കുന്നത്.

എല്ലാ ശനിയാഴ്ചയും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്നായിരുന്നു ജാമ്യവ്യവസ്ഥ. എന്നാല്‍, കഴിഞ്ഞ രണ്ടു ശനിയാഴ്ചകളില്‍ ഇയാള്‍ ഹാജരായില്ല. ഇതേത്തുടര്‍ന്നാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്.2022 മേയ് 10-നാണ് നജ്‌ലയും കുട്ടികളും മരിച്ചത്. ടിപ്പുസുല്‍ത്താന്റെ കഴുത്തില്‍ ഷാള്‍മുറുക്കിയും മലാലയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയും കൊന്നശേഷം നജ്‌ല കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.

റെനീസിനെ വിവാഹംകഴിക്കാന്‍ ഷഹാന സമ്മര്‍ദം ചെലുത്തിയിരുന്നതായി പോലീസ് പറഞ്ഞു. അതിനായി ആത്മഹത്യചെയ്ത നജ്ലയും മക്കളും ഒഴിഞ്ഞുനല്‍കണമെന്നതായിരുന്നു ഇവരുടെയാവശ്യം. ഇല്ലെങ്കില്‍, റെനീസിന്റെ ഭാര്യയായി ക്വാര്‍ട്ടേഴ്‌സില്‍ വന്നു താമസിക്കുമെന്ന് നജ്‌ലയെ ഭീഷണിപ്പെടുത്തി. നജ്ല ആത്മഹത്യചെയ്ത ദിവസവും ഷഹാന ക്വാര്‍ട്ടേഴ്‌സിലെത്തി ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ഇതു നജ്‌ലയെ കടുത്ത മാനസികസംഘര്‍ഷത്തിലും ദുഃഖത്തിലുമാക്കിയതായി പോലീസ് പറഞ്ഞു. ഷഹാനയ്ക്കു റെനീസിന്റെ പിന്തുണയുമുണ്ടായിരുന്നു.

 

Comments

COMMENTS

error: Content is protected !!