KERALA

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ചെന്നൈ ഹൈക്കോടതിയിൽ എത്തിയപ്പോൾ

ചെന്നൈ ∙ ജയിലിൽ കഴിയവെ ജനിച്ച മകളുടെ വിവാഹ ഒരുക്കങ്ങൾ നടത്തുന്നതിനായി രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്കു മദ്രാസ് ഹൈക്കോടതി 30 ദിവസത്തെ പരോൾ അനുവദിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം ജയിൽ ശിക്ഷയനുഭവിച്ച തടവുകാരിയായ നളിനിക്ക് 27 വർഷത്തിനിടെ ലഭിക്കുന്ന രണ്ടാമത്തെ പരോളാണിത്. പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് 3 വർഷം മുൻപ് 12 മണിക്കൂർ പരോൾ ലഭിച്ചിരുന്നു.

 

കേസിൽ പിടിയിലാകുന്ന സമയത്തു ഗർഭിണിയായിരുന്ന നളിനിക്കു ജയിലിലാണു കുഞ്ഞു ജനിച്ചത്. മകൾ ഡോ. അരിത്ര ഇപ്പോൾ ലണ്ടനിലാണു താമസം. നളിനിയുടെ ഭർത്താവ് മുരുകനും ഇതേ കേസിൽ പ്രതിയായി ജയിലിലാണ്.

 

നളിനിയുടെ അഭ്യർഥന പ്രകാരം അവർക്കു നേരിട്ടു ഹാജരായി വാദിക്കാനുള്ള അനുമതി കോടതി നൽകിയിരുന്നു. മാധ്യമങ്ങളോടോ രാഷ്ട്രീയക്കാരോടോ സംസാരിക്കരുത്, പൊലീസിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം തുടങ്ങിയ ഉപാധികളോടെയാണു ജസ്റ്റിസ് എം.എം. സുന്ദരേശ്, ജസ്റ്റിസ് എം.നിർമൽ കുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് പരോൾ അനുവദിച്ചത്. 10 ദിവസത്തിനകം പരോൾ നടപടികൾ പൂർത്തിയാക്കണമെന്നു കോടതി വെല്ലൂർ ജയിൽ സൂപ്രണ്ടിനു നിർദേശം നൽകി.

 

മകളുടെ വിവാഹ ഒരുക്കങ്ങൾക്കായി 6 മാസത്തെ പരോൾ ചോദിച്ചു കഴിഞ്ഞ ഫെബ്രുവരിയിൽ നളിനി ജയിൽ അധികൃതർക്കു കത്തു നൽകിയിരുന്നു. ഇതിൽ നടപടിയില്ലാതായതോടെയാണു കോടതിയെ സമീപിച്ചത്.

 

‘അമ്മയെന്ന നിലയിലുള്ള അവകാശം നിഷേധിക്കരുത്’

 

ചെന്നൈ ∙‘മകളെ പ്രസവിച്ചതു ജയിലിലാണ്. മകളെ നെഞ്ചോടു ചേർത്തു വളർത്താനുള്ള ഭാഗ്യം അമ്മയെന്ന നിലയിൽ എനിക്കു ലഭിച്ചില്ല. അവളുടെ വിവാഹം നടത്തിക്കൊടുക്കുന്നതിനുള്ള അവകാശം കൂടി നിഷേധിക്കരുത്’- വാദത്തിനിടെ നളിനി കോടതിയിൽ വികാരാധീനയായി.

 

കേസിൽ ശിക്ഷ ജീവപര്യന്തമായി കുറച്ചു. എന്നാൽ, നിയമാനുസൃതമുള്ള പരോൾ കൂടി അനുവദിക്കാതെ ജയിലിൽ അടച്ചിടുന്നതും വധശിക്ഷയും തമ്മിൽ എന്താണു വ്യത്യാസം? എല്ലാ പ്രതീക്ഷകളും കോടതിയിലാണെന്നും നളിനി പറഞ്ഞു. റോസ് നിറമുള്ള സാരിയണിഞ്ഞ്, കൈയിൽ പ്ലാസ്റ്റിക് കവറുമായി 1.50നാണു നളിനി ഹൈക്കോടതിയിലെത്തിയത്. കോടതി പരിസരത്തു കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button