Politics
രാജു നാരായണ സ്വാമി വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വലിച്ചിഴക്കേണ്ടെന്ന് മന്ത്രി വി എസ് സുനിൽകുമാർ

രാജു നാരായണ സ്വാമി വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വലിച്ചിഴക്കേണ്ട കാര്യമില്ലന്ന് മന്ത്രി വി എസ് സുനിൽ കുമാർ. കേന്ദ്ര ഗവൺമെന്റുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാനത്തിന് പങ്കില്ല. ഐഎഎസ് ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനില്ലെന്നും സുനിൽ കുമാർ പറഞ്ഞു. സർക്കാർ ഒരു ഉദ്യോഗസ്ഥനെയും ഉപദ്രവിച്ചിട്ടില്ല. രാജു നാരായണ സ്വാമിയെ സംരക്ഷിക്കുക മാത്രമാണ് ചെയ്തത്. ചീഫ് സെക്രട്ടറിക്കെതിരായ ആരോപണങ്ങളിൽ ഇപ്പോൾ പ്രതികരിക്കാനില്ലന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണസ്വാമിയെ പിരിച്ചുവിടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിലുള്ള നാരായണ സ്വാമിയെ പിരിച്ചുവിടാനുള്ള ശുപാർശ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയതായായിരുന്നു വിവരം. കേന്ദ്ര സർവീസിൽ നിന്ന് തിരികെയെത്തിയത് സംസ്ഥാന സർക്കാരിനെ അറിയിച്ചില്ലെന്നും നിരുത്തരവാദിത്വപരമായും അച്ചടക്കമില്ലാതെയും പ്രവർത്തിച്ചു തുടങ്ങിയ കുറ്റങ്ങളാണ് രാജു നാരായണസ്വാമിക്കെതിരെ ഉന്നയിച്ചത്.
അഴിമതികൾ കണ്ടുപിടിച്ചതിനുള്ള പ്രതിഫലമാണ് തനിക്കെതിരെയുള്ള നീക്കത്തിന് പിന്നിലെന്നായിരുന്നു ഇതേപ്പറ്റി രാജു നാരായണ സ്വാമിയുടെ പ്രതികരണം. പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് തനിക്ക് ഔദ്യോഗികമായി യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും തന്നെ പിരിച്ചുവിടാനുള്ള തീരുമാനത്തെപ്പറ്റി മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments