രാജ്യത്ത് ദരിദ്രരുടെ തോത് ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്

രാജ്യത്ത് ദരിദ്രരുടെ തോത് ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്.  2015-16 കാലത്ത് സംസ്ഥാനത്ത് ദരിദ്രരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 0.70 ശതമാനം ആയിരുന്നത്  2019-21 ല്‍  0.55 ശതമാനമായി കുറഞ്ഞുവെന്നും നീതി ആയോഗ് 2023 ല്‍ പുറത്തുവിട്ട ബഹുമുഖ ദാരിദ്ര്യ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ മേഖലകളിലെ 12 സൂചകത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. ഗോവ (0.84), തമിഴ്നാട് (2.20), സിക്കിം (2.60), പഞ്ചാബ് (4.75) എന്നിവയാണ് കേരളത്തിന് പിന്നാലെ ദരിദ്രരുടെ എണ്ണത്തിന്റെ തോത് കുറവുള്ള സംസ്ഥാനങ്ങള്‍. കേരളത്തില്‍ എറണാകുളം ജില്ലയില്‍  ഈ മാനദണ്ഡങ്ങള്‍ പ്രകാരം ദരിദ്രര്‍ തീരെയില്ല. വയനാട് ജില്ലയില്‍ ജനസംഖ്യയുടെ 2.82 ശതമാനം പേര്‍ ദരിദ്രരാണ്.

പോഷകാഹാര ലഭ്യത, മാതൃ-ശിശുമരണ നിരക്ക്, മാതൃ ആരോഗ്യം എന്നിവയാണ് ആരോഗ്യമേഖല സൂചകങ്ങള്‍. സ്‌കൂള്‍ വിദ്യാഭ്യാസം, സ്‌കൂള്‍ ഹാജര്‍ നിലവാരം എന്നിവയാണ് വിദ്യാഭ്യാസ മേഖല മാനദണ്ഡങ്ങള്‍. പാചക ഇന്ധനം, കുടിവെള്ളം, ശുചിത്വം, പാര്‍പ്പിടം, വൈദ്യുതി, ആസ്തി, ബാങ്ക് അക്കൗണ്ട് എന്നീ മേഖലകളിലെ സ്ഥിതിയാണ് ജീവിത നിലവാരം തിട്ടപ്പെടുത്താന്‍ ഉപയോഗിച്ചത്. 2014 ലും 2019 ലും നടത്തിയ ദേശീയ കുടുംബാരോഗ്യ സര്‍വേകളെ ആശ്രയിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Comments

COMMENTS

error: Content is protected !!