MAIN HEADLINES

രാജ്യദ്രോഹത്തിനെതിരായ നിയമം സുപ്രീംകോടതി മരവിപ്പിച്ചു; കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് ഉത്തരവ്

ന്യൂഡല്‍ഹി: രാജ്യദ്രോഹത്തിനെതിരായ നിയമം സുപ്രീംകോടതി മരവിപ്പിച്ചു.   ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124A ആണ് മരവിപ്പിച്ചത്. കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. നിലവിലെ രാജ്യദ്രോഹകേസുകളുടെ നടപടികൾ എല്ലാം നിര്‍ത്തിവെയ്ക്കണം. പുനഃപരിശോധന വരെ വകുപ്പ് പ്രയോഗിക്കരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. 124 എ ദുരുപയോഗം തടയാനുള്ള മാർഗ്ഗനിർദ്ദേശം സർക്കാരിന് തയ്യാറാക്കാമെന്നും കോടതി വ്യക്തമാക്കി. 

രാജ്യദ്രോഹ കേസുകൾ മരവിപ്പിക്കാനാവില്ലെന്നായിരുന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയില്‍ നിലപാടെടുത്തത്. രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്യുന്നതില്‍ തീരുമാനം എസ്‍പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ എടുക്കാന്‍ പാടുള്ളുവെന്ന് നിര്‍ദ്ദേശിക്കാമെന്നും കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്‍റെ മേൽനോട്ടം പ്രത്യേക സമിതിക്ക് വിടാമെന്നുമായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്. 

രാജദ്രോഹക്കുറ്റത്തിന്റെ പുനഃപരിശോധന നടക്കുന്നതിനാല്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ നടപടികള്‍ കോടതി സ്റ്റേ ചെയ്തു. ജയിലുകളില്‍ കഴിയുന്നവര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്.

124 എ വകുപ്പ് താല്‍ക്കാലികമായി സ്റ്റേ ചെയ്യരുതെന്ന് കേന്ദ്രം ഇന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് പ്രകാരം പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് പറഞ്ഞ കോടതി, ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

നിലവില്‍ ഈ കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് ജാമ്യം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാനുള്ള അനുമതിയും കോടതി നല്‍കിയിട്ടുണ്ട്. 124 എ-യുടെ പുനഃപരിശോധന നടക്കുന്നതു വരെ മാത്രമേ ഈ താല്‍ക്കാലിക ഉത്തരവ് നിലവിലുണ്ടാവുകയുള്ളുവെന്നും ഇടക്കാല ഉത്തരവ് വ്യക്തമാക്കുന്നു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button