രാത്രി യാത്രികർക്കായി പയ്യോളിയിൽ ബ്ലഡ് ഡോണേഴ്സ് ഭക്ഷണ ശാല
പയ്യോളിയിൽ കോവിഡ് കാല ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ബ്ലഡ് ഡൊണോഴ്സിൻ്റെ വേറിട്ട മാതൃക. രാത്രിയാത്രികർക്കായി ദേശീയ പാതയോരത്ത് സൌജന്യ ഭക്ഷണ ശാല തുറന്നു. ഒരു കട പോലും തുറക്കാത്ത ലോക് ഡൌൺ രാത്രികളിൽ ഒരിറ്റ് വെള്ളം പോലും കുടിക്കാൻ കിട്ടാതെ യാത്ര ചെയ്യേണ്ട അവസ്ഥയാണിപ്പോൾ. മാറ്റിവെക്കാൻ പറ്റാത്ത അത്യാവശ്യങ്ങൾക്കായി മാത്രമാണ് രാത്രിയിൽ ആളുകൾ പുറത്തിറങ്ങുന്നത്. പിന്നെ ദീരഘ ദൂര വാഹനങ്ങളിലെ ജീവനക്കാരും.
രാത്രി എട്ട് മണി മുതൽ പുലർച്ചെ നാല് മണിവരെ ഇപ്പോൾ ബ്ലഡ് ഡോണേഴ്സ് പയ്യോളി പ്രവർത്തകർ ഇവർക്കായി ഭക്ഷണവും വെള്ളവും ഇത്തിരി വിശ്രമവും ഒരുക്കി കാവലാണ്. പ്രവർത്തകരിൽ ഒരാളുടെ വിമാനത്താവള യാത്രയിലാണ് ഇങ്ങനെ ഒരു സ്റ്റാളിൻ്റെ ആവശ്യകത ബോധ്യപ്പെട്ടത്. രാത്രിയിൽ തിരികെ വരുമ്പോൾ ഒരു തുള്ളി വെള്ളം പോലും ദാഹിച്ച് വലഞ്ഞപ്പോൾ കിട്ടിയില്ല. രാത്രി തുറക്കുന്ന ഒരു കട പോലും ഇല്ല. അനുമതിയും ഇല്ല.
ഇതിനു പരിഹാരം തേടിയുള്ള അന്വേഷണത്തിലാണ് ഒരു സൌജന്യ ഭക്ഷണ കേന്ദ്രം എന്ന തീരുമാനത്തിലേക്ക് ഡോണേഴ്സ് ഫോറം പ്രവർത്തകർ എത്തുന്നത്. ആരും മടിച്ചു നിന്നില്ല. ആവശ്യകത എല്ലാവർക്കും ബോധ്യമായി. അനിനെക്കാൾ ബോധ്യമായത് യാത്രക്കാർക്കാണ്. ഈ ചെറുപ്പക്കാരുടെ സമർപ്പണവും തിരിച്ചറിവും മനുഷ്യ നന്മയുടെ മാതൃകയാണെന്ന് അവർ കൃതജ്ഞത രേഖപ്പെടുത്തുന്നു.
റയീസ് പയ്യോളി, ഷാഹാബുദ്ദീൻ ഇ.സി, ഷമീർ സൂപ്പർ ലാബ്, സലീം പോടിയാടി, സവാദ് വയരോളി, എൻ സി നൌഷാദ്, ഷഹ്മീർ, രാഗേഷ്, നൌഷാദ് കെ, നൌഫൽ ഒ.വി, അഷ്റഫ്, ജോഷി ആവള, ഫർസാദ് തച്ചൻ കുന്ന് എന്നിങ്ങനെ യുവാക്കളുടെ കൂട്ടായ്മയിലാണ് സ്റ്റാൾ പ്രവർത്തിക്കുന്നത്.