രോഗപീഡകളില്‍ നിന്ന് ആ പഴയ യേശുവിനെ വീണ്ടെടുക്കാന്‍,’മധുരഗീതങ്ങള്‍’
എന്‍ വി ബാലകൃഷ്ണന്‍
നിദ്രാവിഹീനങ്ങളായ ഉത്സവരാത്രികളില്‍, താനാരെ സന്തോഷിപ്പിക്കാന്‍ പാട്ടുപാടിയോ അവര്‍ തനിക്കുവേണ്ടി ഇപ്പോഴും ഉണര്‍ന്നിരിക്കുന്നതും സ്‌നേഹമലരുകള്‍ തന്ന് ആശ്‌ളേഷിക്കുന്നതും പുതിയൊരു ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട് കൊയിലാണ്ടി യേശുദാസിന്. രോഗപീഡയില്‍ വലയുമ്പോള്‍ തനിക്കാരുമില്ലല്ലോ എന്ന ആശങ്കയായിരുന്നു യേശുവിന്. പക്ഷേ ഒരു നാട് അത്തരം അശുഭചിന്തകളെയൊക്കെ കുടഞ്ഞെറിഞ്ഞ് തന്നെ വാനോളം ഉയര്‍ത്തിപ്പിടിക്കുന്നത് കാണുമ്പോള്‍ ജന്മസാഫല്യം നേടിയതിന്റെ സന്തോഷമുണ്ട് യേശുവിന്റെ മുഖത്ത്. കൊയിലാണ്ടിയിലെ സന്നദ്ധസംഘടനകളും വ്യക്തികളുമൊക്കെ ചേര്‍ന്ന് തന്റെ ചികില്‍സക്കുള്ള വക കണ്ടെത്താന്‍ സംഘടിപ്പിക്കുന്ന ‘മധുരഗീതങ്ങള്‍’ സംഗീതവിരുന്ന് വിജയിപ്പിക്കാനുള്ള മിനുക്കുപണികളിലാണ് എല്ലാവരും.
ഒരു കാലത്ത് കോഴിക്കോട് ജില്ലയിലെ ഉത്സവരാവുകളും കലാസമിതി വാര്‍ഷികങ്ങളേയുമൊക്കെ പാതിരാവില്‍പോലും ഉറങ്ങാന്‍ വിടാതെ ഉണര്‍ത്തി നിര്‍ത്തിയ രണ്ടുപേരായിരുന്നു മണക്കാട് രാജനും കൊയിലാണ്ടി യേശുദാസും. രാഗതരംഗം ഓര്‍ക്കസ്ട്രയുടെ ബാനറില്‍ തബലിസ്റ്റ് പ്രഭാകരന്റെ നേതൃത്വത്തില്‍ കോഴിക്കോട് സതീഷ്ബാബുവും ചെങ്ങന്നൂര്‍ ശ്രീകുമാറും സിന്ധുപ്രേംകുമാറുമൊത്തുള്ള ഗാനമേളരാവുകള്‍. മെലഡി ഗാനങ്ങള്‍ക്കായി കാത്തിരിക്കുന്ന പുരുഷാരം മണക്കാട് രാജന്റെയും യേശുവിന്റെയും പാട്ടുകള്‍ക്കായി ഹര്‍ഷോന്‍മാദത്തോടെ കാത്തിരിക്കും. ഇന്നത്തേതുപോലുള്ള ഫാസ്റ്റ്‌നമ്പര്‍ പാട്ടുകള്‍ അന്ന് വളരെ കുറവ്. ഗാനമേളയുടെ അവസാനങ്ങളിലാണ് ഒന്നോരണ്ടോ ഫാസ്റ്റ്‌നമ്പര്‍ പാട്ടുകളുണ്ടാവുക. ടേപ്പ് റിക്കാര്‍ഡുകളൊന്നും െൈകവശമില്ലാത്തതുകൊണ്ട് തറടിക്കറ്റുകളെടുത്ത് ടാക്കീസില്‍ അഞ്ചും പത്തും തവണ സിനിമ കണ്ടിട്ടാണ് പാട്ടുകള്‍ ഹൃദിസ്ഥമാക്കുക.
തന്റെ സഹപ്രവര്‍ത്തകനെ സഹായിക്കാന്‍ കൊയിലാണ്ടി ഒരുങ്ങുമ്പോള്‍ കൊയിലാണ്ടി സ്‌റ്റേഡിയത്തിലെ ലോട്ടറി വില്‍പന സ്റ്റാളിലിരുന്ന് മണക്കാട്‌രാജന്‍ പഴയ ആ മാമ്പഴക്കാലങ്ങളുടെ മാധുര്യം ഓര്‍ത്തെടുക്കുന്നു. 1970കളിലാണ് സിനിമാപാട്ടുകള്‍ കോര്‍ത്തിണക്കിയുള്ള ഗാനമേളകളൊക്കെ വരുന്നത് അതിനുമുമ്പൊക്കെ കച്ചേരികളും ഭക്തിഗാനങ്ങളുമൊക്കെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നടത്താറുണ്ടെങ്കിലും അതിനൊരു ജനകീയ സ്വഭാവം വരുന്നത് സിനിമാഗാനങ്ങളും ഗാനമേളയുമൊക്കെ ഉത്സവപറമ്പുകളില്‍ സ്ഥാനം പിടിക്കുന്നതോടെയാണ്. ‘ബീറ്റ് ബെഞ്ചേഴ്‌സ്’ തലശ്ശേരിയാണ് ആദ്യമൊരു ഗാനമേളപരിപാടിയുമായി കൊയിലാണ്ടിയിലെത്തിയത് എന്നാണ് ഓര്‍മ. ബോയ്‌സ്‌ഹൈസ്‌ക്കൂളില്‍ ടിക്കറ്റ് വെച്ചായിരുന്നു പരിപാടി. ജോളീബ്രദേഴ്‌സിലെ വില്യംഹെര്‍മനും ജോണ്‍ പാപ്പച്ചനുമൊക്കെയായിരുന്നു പരിപാടിയുടെ സംഘാടകര്‍. അവരുടെ ശുപാര്‍ശയിലാണ് മണക്കാട് രാജന് അവിടെയൊരു പാട്ടുപാടാനവസരം ലഭിച്ചത്. അവളൊരു ദേവാലയം എന്ന സിനിമയിലെ ഭൂമിതന്‍ പുഷ്പാഭരണം,ഗ്രാമത്തില്‍ തിരുവാഭരണം എന്ന പാട്ടാണ് പാടിയത്. അതോടെ സ്രോതാക്കള്‍ ഇളകിമറിഞ്ഞു. വീണ്ടും വീണ്ടും പാടാന്‍ അവശ്യമുയര്‍ന്നു. അങ്ങനെയാണ് ഗാനമേളകളില്‍ പാടാന്‍ തുടങ്ങിയത്. തുടര്‍ന്ന് നക്ഷത്രദീപങ്ങള്‍ തിളങ്ങീ നവരാത്രിമണ്ഡപമൊരുങ്ങീ തുടങ്ങിയ പാട്ടുകളൊക്കെയായി ഗാനമേളകള്‍ പൊടിപൊടിക്കുമ്പോഴാണ് യേശുവിന്റെ വരവ്. ആളുകളെ ഇളക്കിമറിയുന്ന ഗാനങ്ങളായ തമിഴ്‌മെലഡികളും ‘ എന്നോട് പാട്ടുപാടുങ്കല്‍ തുടങ്ങിയ ഫാസ്റ്റ് നമ്പറുകളൊക്കെയായെത്തിയ യേശുവിനേയും ജനം ഹര്‍ഷാരവങ്ങളോടെ സ്വീകരിച്ചു. തുടര്‍ന്നാണ് വിയ്യൂരിലെ ആര്‍.ടി.എന്‍ കലാസമിതിയുടെ നേതൃത്വത്തില്‍ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, വേണുഗോപാലന്‍ മാസ്റ്റര്‍, കൊടക്കാട് ശ്രീധരന്‍, ചന്ദ്രിക എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനമേളാട്രൂപ്പ് ഉണ്ടാകുന്നത്. തമിഴില്‍ ബാലസുബ്രമണ്യത്തിന്റെയും ഹിന്ദിയില്‍ കിഷോര്‍കുമാറിന്റെയും ഗാനങ്ങളാണ് യേശു പാടിതകര്‍ത്തത്. മണക്കാട് രാജന്‍ ഓര്‍ത്തെടുക്കുന്നു.
തങ്ങള്‍ക്ക് വരദാനമായി ലഭിച്ച ഗന്ധര്‍വ്വസിദ്ധിയിലൂടെ പലരും തങ്ങളുടെ കണ്‍മുമ്പില്‍ ഉയര്‍ന്നുപോയപ്പോഴും ജീവിതം ഒരു മരീചിക തന്നെയായിരുന്നു ഇവര്‍ക്കുമുന്നില്‍. യേശു രോഗബാധിതനായതോടെ തികച്ചും ഒറ്റപ്പെട്ടു. തനിക്കും കുടുംബത്തിനും വേണ്ടി ആ പഴയ നാദവീചികള്‍ ചക്രവാളങ്ങളില്‍ നിന്ന് വീണ്ടും ജീവന്‍വെച്ച് തിരിച്ചെത്തുകയാണ് ആഗസ്റ്റ് 3ന് കൊയിലാണ്ടിയില്‍.
മാനവികത ചാലിച്ചെടുത്ത മധുരഗീതങ്ങള്‍ പ്രശസ്തരായ കലാകാരന്‍മാര്‍ യേശുവിനുള്ള സ്വാന്തനമായി വീണ്ടും പാടിനിറയും. രോഗപീഡകളില്‍ നിന്ന് ആ പഴയ യേശുവിനെ, ആ സ്വരമാധുരിയെ വീണ്ടെടുക്കാന്‍.