CRIME
റിസോർട്ട് പീഡനത്തിനു പിന്നിൽ സംസ്ഥാനാന്തര പെൺവാണിഭ സംഘം

കോഴിക്കോട് ∙ കക്കാടംപൊയിലിലെ റിസോർട്ടിൽ ചിക്കമഗളൂരു സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിനു പിന്നിൽ സംസ്ഥാനാന്തര പെൺവാണിഭ സംഘം. കക്കാടംപൊയിലിലെ റിസോർട്ടിൽ എത്തിക്കുന്നതിനു മുൻപ് പെൺകുട്ടിയെ വയനാട്ടിലെ മൂന്നു റിസോർട്ടുകളിലായി നൂറോളം പേർ പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി.
റിസോർട്ടുകൾ കേന്ദ്രീകരിച്ചുള്ള പെൺവാണിഭത്തിനായി കർണാടകയിൽ നിന്നു പെൺകുട്ടികളെ കേരളത്തിലെത്തിക്കുന്ന സംഘത്തിന്റെ വയനാട്ടിലെ ഏജന്റായ വയനാട് മടക്കിമല സ്വദേശി ടി.കെ.ഇല്യാസിനെ കേസ് അന്വേഷിക്കുന്ന റൂറൽ ജില്ലാ സി ബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നാണു വയനാട്ടിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ചു നടക്കുന്ന പെൺവാണിഭത്തിന്റെ വിവരങ്ങൾ പൊലീസിനു ലഭിച്ചത്.
വരുംദിവസങ്ങളിൽ കേസിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണു വിവരം. 2019 ഫെബ്രുവരിയിലാണ് കക്കാടംപൊയിലിലെ റിസോർട്ടിൽ പതിനാറുകാരി പീഡനത്തിരയായത്. സംഭവത്തിൽ മലപ്പുറം പൂക്കോട്ടൂർ വളമംഗലം എണ്ണകോട്ട് പറമ്പിൽ പി.മൻസൂർ (28), കൊണ്ടോട്ടി തുറക്കൽ മൻസിൽ വീട്ടിൽ നിസാർ ബാബു (38), റിസോർട്ട് ഉടമ ചീക്കോട് തെക്കുംകോളിൽ വീട്ടിൽ മുഹമ്മദ് ബഷീർ (50) എന്നിവരെ തിരുവമ്പാടി പൊലീസ് പിടികൂടിയിരുന്നു.
കേസ് പിന്നീട് റൂറൽ ജില്ലാ സി ബ്രാഞ്ചിന് കൈമാറി. സി ബ്രാഞ്ച് ഡിവൈഎസ്പി ആർ.ഹരിദാസന്റെ നേതൃത്വത്തിലാണു സംസ്ഥാനാന്തര പെൺവാണിഭ സംഘത്തിൽ അംഗമായ ചിക്കമഗളൂരു സ്വദേശി ഫർസാനയെ (25) പിടികൂടിയത്. പീഡനത്തിരയായ പതിനാറുകാരിക്കു പുറമേ ചിക്കമഗളൂരുവിൽ നിന്നു വേറെയും പെൺകുട്ടികൾ ഫർസാന വഴി കേരളത്തിൽ എത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. എട്ടാം ക്ലാസിൽ പഠനം നിർത്തിയ പെൺകുട്ടിയെ ഫർസാന കേരളത്തിലെത്തിച്ചു പെൺവാണിഭ സംഘത്തിനു കൈമാറുകയായിരുന്നു.
ഫർസാനയിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വയനാട്ടിലെ ഏജന്റായ ഇല്യാസിനെ പിടികൂടിയത്. കക്കാടംപൊയിലിലെ റിസോർട്ടിൽ പീഡനത്തിരയായ പെൺകുട്ടിയെ ഒരു മാസത്തോളം വയനാട്ടിലെ വൈത്തിരി, ആറാട്ടുപാറ, കുപ്പാടി എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ എത്തിച്ചാണു പീഡിപ്പിച്ചത്. അന്വേഷണസംഘം കഴിഞ്ഞ ദിവസം ഈ സ്ഥലങ്ങളിലെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാൻ നീക്കം
കോഴിക്കോട്∙ ചിക്കമഗളൂർ സ്വദേശിനിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസിന്റെ അന്വേഷണത്തിനു നേതൃത്വം നൽകുന്ന റൂറൽ ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പി ആർ.ഹരിദാസനെ സ്ഥലം മാറ്റാൻ നീക്കം. പീഡനക്കേസിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്ന സൂചന ലഭിച്ചതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ നീക്കാനുള്ള സമ്മർദം ചില കേന്ദ്രങ്ങൾ ആരംഭിച്ചത്. കേസിൽ പൊലീസ് ചോദ്യം ചെയ്ത പലരും ഒളിവിലാണ്.
ചില രാഷ്ട്രീയ നേതാക്കൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും കേസുമായി ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ ചിലരാണു സ്ഥലംമാറ്റ നീക്കത്തിനു പിന്നിൽ എന്നാണു സൂചന. കൂടത്തായിയിലെ ദുരൂഹമരണങ്ങൾ കൊലപാതകങ്ങൾ ആണെന്നു കണ്ടെത്തിയതു ആർ. ഹരിദാസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമായിരുന്നു. കൂടത്തായി കേസിന്റെ രഹസ്യാന്വേഷണം തുടങ്ങിയ ഘട്ടത്തിൽ ഹരിദാസനെ ആലപ്പുഴ ജില്ലാ നർക്കോട്ടിക് സെൽ ഡിവൈഎസ്പിയായി സ്ഥലം മാറ്റിയിരുന്നു. എന്നാൽ, കൊലക്കേസിലെ അന്വേഷണം നടക്കുന്നതിനാൽ തൽക്കാലം സ്ഥലംമാറ്റം പ്രാബല്യത്തിലാവില്ലെന്നു ഡിജിപി അറിയിച്ചതോടെ ഹരിദാസൻ അന്വേഷണ സംഘത്തിൽ തുടർന്നു.
വാക്കാലുള്ള നിർദേശമല്ലാതെ സ്ഥലംമാറ്റം റദ്ദാക്കി ഉത്തരവ് ഇറങ്ങിയിരുന്നില്ല. ഇതു ചൂണ്ടിക്കാണിച്ചാണു നേരത്തേ ഇറങ്ങിയ ഉത്തരവ് പ്രാബല്യത്തിലാക്കി സ്ഥലം മാറ്റാൻ ചിലർ ഉന്നതകേന്ദ്രങ്ങളിൽ സമ്മർദം ശക്തമാക്കിയത്. കൂടത്തായി കൊലപാതക പരമ്പരയുടെ അന്വേഷണത്തിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെ കേസിന്റെ വിചാരണ തുടങ്ങുന്ന ഘട്ടത്തിൽ സ്ഥലം മാറ്റാനുള്ള നീക്കത്തിനെതിരെ അന്വേഷണ ഉദ്യോഗസ്ഥർക്കിടയിലും അമർഷമുണ്ട്.
Comments