റെയിൽവേ സുരക്ഷയ്ക്ക് ബി.എസ്.എഫ്. ട്രാക്കർ ഡോഗ് എത്തുന്നു

കോഴിക്കോട്: പാലക്കാട് റെയിൽവേ ഡിവിഷൻ ആദ്യമായി ‘ട്രാക്കർ’ നായ്‌ക്കളെ റെയിൽവേ സംരക്ഷണ സേനയുടെ ഭാഗമാക്കുന്നു. തീവണ്ടികളിലും സ്റ്റേഷൻ പരിസരങ്ങളിലും കൊലപാതകം ഉൾപ്പെടെ കുറ്റകൃത്യങ്ങൾ പെരുകിയതാണ് ഈ നിയമനത്തിന് ഇടയാക്കിയത്.

 

മാർച്ച് പത്തിത് പുതിയ ട്രാക്കർ ആർ.പി.എഫിന്റെ ഭാഗമാകും. ബി.എസ്.എഫിന്റെ ടെക്കൻപുരിലെ ദേശീയ നായപരിശീലനകേന്ദ്ര (എൻ.ടി.സി.ഡി.) ത്തിൽ ഒമ്പതുമാസത്തെ പരിശീലനം പൂർത്തിയാക്കിയ ഒന്നര വയസ്സുകാരി ലാറയാണ് പുതിയ അംഗം. ഡോബർമാൻ ഇനത്തിലുള്ളതാണ് ഈ നായ. ഓഫീസർ റാങ്കിലുള്ള സൗകര്യങ്ങൾ അനുവദിച്ചിട്ടുള്ള ലാറയ്ക്ക് കേരളത്തിലേക്കുള്ള യാത്രയ്ക്ക് ഫസ്റ്റ് ക്ളാസ് കൂപ്പെ ടിക്കറ്റാണ് നൽകിയിട്ടുള്ളത്. മാർച്ച് ഏഴിനാണ് ലാറയുൾപ്പെട്ട ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ്.

 

കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ നാലാം പ്ളാറ്റ്ഫോമിനോട് ചേർന്നുനിർമിക്കുന്ന ശീതീകരിച്ച കൂട്ടിലാകും ഇതിനെ താമസിപ്പിക്കുക. വാളയാർ മുതൽ മംഗലാപുരത്തിനുസമീപം കങ്കനാടിവരെയുള്ള കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കാൻ ഈ നായ്‌ക്കളെയാണ് ഉപയോഗിക്കുക.

 

2008-ലാണ് പാലക്കാട് റെയിൽവേ സിവിഷനുകീഴിൽ ഡോഗ് സ്‌ക്വാഡ് ആരംഭിച്ചത്. ബോംബ്, മയക്കുമരുന്ന്, സ്ഫോടകവസ്തുക്കൾ എന്നിവ കണ്ടുപിടിക്കുന്നതിനുള്ള സ്നിഫർ വിഭാഗത്തിലുള്ള രണ്ട് ലാബ്രഡോർ നായ്‌ക്കളാണ് സേനയിലുള്ളത്.
Comments

COMMENTS

error: Content is protected !!