ഒന്നാംഘട്ടം ഈ മാസം പൂർത്തിയാകും ജില്ല മൂന്നുമാസത്തിനകം ഇ– ഹെൽത്തിലേക്ക്‌

കോഴിക്കോട്‌  : ആരോഗ്യവകുപ്പിന്റെ ആർദ്രം പദ്ധതിയുടെ ഭാഗമായി ചികിത്സയും സേവനങ്ങളും ഓൺലൈൻ വഴിയാക്കുന്ന ‘ഇ–-ഹെൽത്ത്‌’ മൂന്ന്‌ മാസത്തിനുള്ളിൽ ജില്ലയിൽ പൂർണമായി നടപ്പാക്കും. രണ്ട്‌ ഘട്ടങ്ങളിലായി 34 കുടുംബാരോഗ്യ കേന്ദ്രങ്ങളിലും(എഫ്‌എച്ച്‌സി) ഗവ.  മെഡിക്കൽ കോളേജിലുമാണ്‌ മെയ്‌ മാസത്തിനകം ഇ–- ഹെൽത്ത്‌ പ്രാവർത്തികമാകുക. ഒന്നാം ഘട്ടത്തിലെ 13 എഫ്‌എച്ച്‌സികളിലും ഈ മാസത്തോടെ പദ്ധതി ആരംഭിക്കും.
പനങ്ങാട്‌, പുതുപ്പാടി, വടകര കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഇക്കഴിഞ്ഞ മാസം ഇ–-ഹെൽത്ത്‌ വഴി രജിസ്‌ട്രേഷൻ  തുടങ്ങി. രോഗിയുടെ എല്ലാ വിവരങ്ങളും സർക്കാർ ആശുപത്രിയിലെ  ഡോക്ടർമാർക്ക്‌ മുന്നിലെ കപ്യൂട്ടറിന്‌ മുന്നിലെത്തുന്നതിനൊപ്പം ഓൺലൈനായി അടുത്ത പരിശോധനക്ക്‌ ബുക്കിങ്ങിനുള്ള സൗകര്യവുമുള്ളതാണ്‌ ഇ ഹെൽത്ത്‌.
രാമനാട്ടുകര, ഓമശേരി, മേപ്പയ്യൂർ, കുന്നമംഗലം, അരിക്കുളം, എടച്ചേരി, കായക്കൊടി, നൊച്ചാട്‌ എന്നിവിടങ്ങളിൽ ഈ മാസം പ്രവർത്തന സജ്ജമാകും. ഇതുൾപ്പെടെ ഒന്നാംഘട്ടത്തിൽ വരുന്ന ഗവ. മെഡിക്കൽ കോളേജിലും സാങ്കേതിക പ്രവർത്തനങ്ങളും കെട്ടിട നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്‌. രണ്ടാം ഘട്ടത്തിൽ 21 എഫ്‌എച്ച്‌സികളിലാണ്‌ ഇ –-ഹെൽത്ത്‌ വരുന്നത്‌.
ഓരോ കുടുംബാരോഗ്യ കേന്ദ്രത്തിനും 15 ലക്ഷം രൂപയാണ്‌ ഇതിന്‌ ചെലവ്‌. കെൽട്രോണാണ്‌ സാങ്കേതിക പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്‌. ഒറ്റ സോഫ്‌റ്റ്‌വെയറിൽ സർക്കാർ ആശുപത്രികളെയാകെ ബന്ധിപ്പിക്കുന്നതാണ്‌ സംവിധാനം.
Comments

COMMENTS

error: Content is protected !!