റോഡരികിൽ പാർക്കിങ്ങിന് പുതിയ സംവിധാനമൊരുക്കും -മേയർ

കോഴിക്കോട് : നഗരത്തിലെ പാർക്കിങ് പ്രശ്നം പരിഹരിക്കാൻ വീതിയുള്ള റോഡുകളിൽ പാർക്കിങ്ങിന് പ്രത്യേകം സൗകര്യമൊരുക്കുന്നത് ആലോചനയിലുണ്ടെന്ന് മേയർ ഡോ. ബീനാ ഫിലിപ്പ് പറഞ്ഞു. ഇത്തരം പാർക്കിങ്ങുകൾ ഇന്റർലോക്ക് ചെയ്ത് പ്രത്യേക ഏരിയയായി തിരിക്കും. നീളത്തിലാണ് പാർക്കിങ് സജ്ജമാക്കുക. കോഴിക്കോട് ബീച്ചിലും ഇത് പരിഗണിക്കുന്നുണ്ട്. ട്രാഫിക് പോലീസ് ഇതിനായി ഒരു പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും മേയർ പറഞ്ഞു.

കുണ്ടായിത്തോട്ടെ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കോർപ്പറേഷനിലെ അനധികൃത കെട്ടിടങ്ങൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടിമേയർ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു. കാലിക്കറ്റ് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

വെള്ളക്കെട്ട് പരിഹരിക്കാൻ മാസ്റ്റർപ്ലാൻ

കടലിന്റെ ജലനിരപ്പിനെക്കാളും താഴെയാണ് നഗരത്തിലെ പലസ്ഥലങ്ങളും അതുകൊണ്ട് വെള്ളക്കെട്ട് ഒഴിവാക്കുക വലിയ പ്രതിസന്ധിയാണ്. അതിന് ശാശ്വത പരിഹാരം കാണുന്ന രീതിയിൽ കെട്ടിടനിർമാണത്തിൽകൂടി മാറ്റംവരുത്തുന്ന രീതിയിലുള്ള ഒരു മാസ്റ്റർപ്ലാൻ തയ്യാറാക്കും. അന്തരീക്ഷ മലിനീകരണം ഒഴിവാക്കാൻ ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയിട്ടുണ്ട്. നമ്മുടെ നഗരത്തിൽ ഇലക്ട്രിക് ഓട്ടോറിക്ഷകളോട് എതിർപ്പുണ്ടെങ്കിലും അത് സാവധാനം ഇല്ലാതാവുമെന്നും മേയർ പറഞ്ഞു.

ഒരേനിറമുള്ള മാലിന്യക്കൊട്ടകൾ വെക്കും

ഓരോരുത്തരും എന്റെ നഗരം എന്ന കരുതലോടെ കണ്ടാലേ പരിസരം വൃത്തിയോടെ കാത്തുസൂക്ഷിക്കാൻ കഴിയൂ. മാലിന്യക്കൊട്ടകൾ ആളുകളുടെ ശ്രദ്ധയിൽപ്പെടാത്ത പ്രശ്നമുണ്ട്. അതുകൊണ്ട് എല്ലായിടത്തും ഒരേ നിറത്തിലുള്ള വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും. നഗരശുചിത്വ പ്രോട്ടോകോളിന് കൗൺസിൽ രൂപംനൽകും. ഞെളിയൻപറമ്പിലെ മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവൃത്തി പകുതിയായിട്ടുണ്ട്.

അഞ്ച് വർഷത്തിനുള്ളിൽ വിജയകരമായി നടപ്പാക്കും. കനോലിക്കനാൽ ജനങ്ങൾ ഒരുമിച്ച് വിചാരിച്ചാലേ നല്ല രീതിയിലാക്കാൻ പറ്റൂ.

സർക്കാർ അതൊരു മിഷനായി ഏറ്റെടുക്കുകയും വിപുലമായ പദ്ധതി ആവിഷ്കരിക്കുകയും വേണം. അതേപോലെ കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനുള്ള പ്ലാന്റിന് സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിലും ജനങ്ങളുടെ എതിർപ്പ് ശക്തമാണ് -മേയർ പറഞ്ഞു. മെഡിക്കൽ കോളേജിലെ ബസ് സ്റ്റാൻഡ് ഈ കൗൺസിലിന്റെ കാലത്ത് യാഥാർഥ്യമാക്കുമെന്ന് ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് പറഞ്ഞു. അതിനുള്ള സാങ്കേതികതടസ്സങ്ങളെല്ലാം നീങ്ങിയിട്ടുണ്ട്. പ്രസ്‌ക്ലബ് പ്രസിഡന്റ്‌ എം. ഫിറോസ്ഖാൻ, സെക്രട്ടറി പി.എസ്. രാകേഷ് എന്നിവർ പങ്കെടുത്തു

Comments

COMMENTS

error: Content is protected !!