റോഡ് നിയമങ്ങൾ: ശാസ്ത്രീയ ബോധവൽക്കരണ പരിപാടി ശക്തിപ്പെടുത്തും – മന്ത്രി എ കെ ശശീന്ദ്രൻ

റോഡ് നിയമങ്ങൾ സംബന്ധിച്ച ശാസ്ത്രീയമായ ബോധവൽക്കരണ പരിപാടിയും പരിശീലനവും ശക്തിപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ.  മോട്ടോർ വാഹന വകുപ്പ്, ഹോണ്ടയുടെ സഹകരണത്തോടെ സജ്ജീകരിച്ച
സംസ്ഥാനത്തെ ആദ്യ സേഫ്റ്റി  ഡ്രൈവിംഗ് എജുക്കേഷണൽ സെൻറർ ചേവായൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.    .
ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നവർക്കും  ഗതാഗത നിയമങ്ങൾ  തെറ്റിക്കുന്നവർ ക്കും അവബോധവും  പരിശീലനവും ഈ കേന്ദ്രത്തിലൂടെ നൽകും.
മോട്ടോർ വാഹന നിയമ പരിപാലനവും നവീകരണത്തിന്റെ പാതയിലാണെന്ന് മന്ത്രി പറഞ്ഞു. വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധന നടത്തുന്നതിന് പകരം, ആധുനിക ക്യാമറകളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പദ്ധതി ആലോചിക്കുന്നുണ്ട്. ഇത്തരം നിയമലംഘകരിൽ നിന്നുള്ള പിഴ  അവരുടെ അക്കൗണ്ടിൽനിന്ന് ഈടാക്കാനുള്ള പദ്ധതിയും  നടപ്പാക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. കോഴിക്കോട് ജില്ലയിലെ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികൾ ആണ്. ഈ ക്ലാസ് മുറികളിലൂടെ ഗതാഗത നിയമങ്ങൾ പാലിക്കുന്നതു സംബന്ധിച്ച്  അവബോധം വിദ്യാർത്ഥികളിൽ എത്തിക്കാനുള്ള ശ്രമവും ആരംഭിക്കും.
കേരളത്തിലെ റോഡപകടങ്ങളിൽ മരിച്ചുവീഴുന്നവരിൽ നൂറിൽ 80 പേരും ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നവരാണ്. അതുകൊണ്ടുതന്നെയാണ് ഇരുചക്രവാഹനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ പരിശീലനം സംഘടിപ്പിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
 സുരക്ഷാനിയമങ്ങൾ പാലിക്കണമെന്ന്  പറയുന്നത് വാഹനമോടിക്കുന്നവരുടെ സുരക്ഷയെ കൂടി കരുതിയിട്ടാണ്.
 കോഴിക്കോടിന് പുറമേ അപകടമരണങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന മലപ്പുറം, ആലപ്പുഴ, കണ്ണൂർ എന്നീ ജില്ലകളിലും  ഇത്തരം ആധുനിക പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഡെപ്യൂട്ടി മേയർ മീര ദർശക് അധ്യക്ഷയായിരുന്നു. ജില്ലാ കലക്ടർ സാംബശിവറാവു, ജോയിൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കമ്മീഷണർ രാജീവ് പുത്തലത്ത്, ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബ്രാൻഡ് ആൻഡ് കമ്മ്യൂണിക്കേഷൻ വൈസ് പ്രസിഡൻറ് പ്രഭു നാഗരാജ്, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ വിനേഷ്, ഹോണ്ട പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
റോഡ് നിയമങ്ങൾ സിഗ്നലുകൾ, സുരക്ഷിതമായി വാഹനം ഓടിക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയ്ക്കുപുറമേ  ഇരുചക്ര വാഹനം ഓടിക്കുന്നവർ ക്കുള്ള ഹോണ്ടയുടെ വിർച്ച്വൽ റോഡ് സേഫ്റ്റി സിമുലേറ്ററിലുള്ള  പരിശീലനവും ഈ കേന്ദ്രത്തിലൂടെ നൽകും. 2 മണിക്കൂർ സൗജന്യ പരിശീലനം ആണ് ഹോണ്ട നൽകുന്നത്.
Comments

COMMENTS

error: Content is protected !!