ലക്ഷങ്ങൾ വിലമതിക്കുന്ന കസ്തൂരി വിൽക്കാൻ ശ്രമം; സംസ്ഥാനത്ത് ഏഴ് പേർ പിടിയിൽ

കോഴിക്കോട്: കസ്തൂരിമാനിൽ നിന്നും ശേഖരിച്ച കസ്തൂരിയുമായി സംസ്ഥാനത്ത് ഏഴ് പേർ പിടിയിൽ. മൂന്ന് പേരെ കോഴിക്കോട് നിന്നും നാല് പേരെ എറണാകുളം നെടുമ്പാശ്ശേരിയിൽ നിന്നും വനംവിജിലൻസ് വിഭാഗമാണ് പിടികൂടിയത്. പന്തീരാങ്കാവ് സ്വദേശി അബ്ദുള്‍ സലാം, തലശേരി പെരിങ്ങത്തൂര്‍ സ്വദേശി ഹാരിസ്, കോഴിക്കോട് കുരുവട്ടൂര്‍ സ്വദേശി മുസ്തഫ എന്നിവരെയാണ് കോഴിക്കോട് നിന്ന് പിടികൂടിയത്. വിനോദ്, സുൽഫി, ശിവജി, അബൂബക്കർ എന്നിവരെ നെടുമ്പാശ്ശേരിയിൽ നിന്നും പിടികൂടി.

വനം വിജിലൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. കോഴിക്കോട് മാവൂർ റോഡ് കോട്ടൂളിയിൽവെച്ച് പ്രതികൾ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്നാണ് പിടികൂടിയത്. പ്രതികൾ കസ്തൂരി വിൽക്കാൻ ശ്രമിക്കുകയായിരുന്നു.

നെടുമ്പാശ്ശേരിയിൽ നിന്നും പിടികൂടിയവരിൽ നിന്നും 20 ലക്ഷത്തോളം രൂപ വിലവരുന്ന കസ്തൂരിയാണ് പിടികൂടിയത്. ചെങ്ങമനാട് പുത്തൻത്തോട് ഭാഗത്തെ വീട്ടിൽ നിന്നുമാണ് ഇടനിലക്കാർ വഴിവിൽക്കാൻ ശ്രമിക്കവെ വിനോദ്, സുൽഫി, ശിവജി, അബൂബക്കർ എന്നിവ‍രെ വനം വിജിലൻസ് ഫ്ളയിംഗ് സ്ക്വാഡ് പിടികൂടിയത്. വംശനാശ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന കസ്തൂരിമാനിൽ നിന്നും ശേഖരിച്ച കസ്തൂരിയാണ് വിൽക്കാൻ ശ്രമിച്ചത്. 20 പേരടങ്ങിയ സംഘമാണ് അന്വേഷണത്തിനെത്തിയത്.

വന്യ ജീവി സംരക്ഷണ നിയമം 1972 ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുത്തി സംരക്ഷിച്ചു വരുന്ന മൃഗമാണ് കസ്തൂരി മാന്‍. വംശനാശം നേരിട്ടുവരുന്ന ഈ മൃഗത്തെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ നിയമ പ്രകാരം മൂന്ന് മുതൽ എട്ട് വർഷം വരെ തടവ് ശിക്ഷയാണ് ലഭിക്കുക. കസ്തൂരിമാനിനെ വേട്ടയാടി കൊന്നതിനു ശേഷമാണ് കസ്തൂരി ശേഖരിക്കുക.

Comments

COMMENTS

error: Content is protected !!