KERALA

ലഷ്‌കര്‍ ഭീകരരുടെ വരവ്: കേരളത്തില്‍ ഒരു സ്ത്രീ കസ്റ്റഡിയില്‍; കര്‍ശന നിരീക്ഷണം

തമിഴ്നാട്ടിലേക്കു 6 ലഷ്കറെ തയിബ ഭീകരര്‍ നുഴഞ്ഞുകയറിയെന്നു സ്ഥിരീകരിച്ചതോടെ പൊലീസ് കര, വ്യോമ സേനകളുടെ സഹായം തേടി. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജരാകണമെന്ന സന്ദേശം സൈന്യത്തിനു കൈമാറിയതായി കോയമ്പത്തൂര്‍ പൊലീസ് കമ്മിഷണര്‍ സുമിത് ശരണന്‍ അറിയിച്ചു.

ഒരു പാക്ക് പൗരനും 5 ശ്രീലങ്കൻ പൗരന്മാരും എത്തിയെന്നാണു തമിഴ്നാട് പൊലീസ് നൽകുന്ന സൂചന. സംഭവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ കേരള പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർക്ക് ലഷ്കർ ഭീകരരുമായി ബന്ധമുണ്ടെന്നാണ് സൂചന. കേന്ദ്ര ഏജന്‍സികള്‍ ഉള്‍പ്പെടെ ഇവരെ ചോദ്യം ചെയ്യുകയാണെന്നാണു റിപ്പോര്‍ട്ട്.

 

തമിഴ്നാട്ടിൽ എഡിജിപി ജയന്ത് മുരളി കോയമ്പത്തൂരില്‍ തങ്ങിയാണ് സുരക്ഷ ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നത്. നഗരത്തിലേക്കു വരുന്നതും പോകുന്നതുമായ മുഴുവന്‍ വാഹനങ്ങളും അരിച്ചുപെറുക്കുന്നുണ്ട്. പ്രധാന റോഡുകള്‍ക്കു പുറമെ ഇടറോഡുകളും പൊലീസ് നിയന്ത്രണത്തിലാണ്. ഇതിനായി നഗരപരിധിയില്‍ മാത്രം 2000 പൊലീസുകാരെ നിയോഗിച്ചു.
ഉക്കടം, കോട്ടമേഡ്, കുനിയമുത്തൂര്‍, കരമ്പുകൈടെ തുടങ്ങിയ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങള്‍ സായുധസേന അരിച്ചുപൊറുക്കി. ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും പൂര്‍ണായിട്ടും പൊലീസിന്റെ വലയത്തിനുള്ളിലാണ്. അടിയന്തിരസാഹചര്യം നേരിടാനായി കരസേനയെയും വ്യോമസേനയേയും വിവരമറിച്ചെന്ന പൊലീസ് കമ്മിഷണറുടെ പ്രതികരണം കൂടി വന്നതോടെ നഗരം ഭീതിയിലാണ്. ഐഎസുമായി ബന്ധവരുണ്ടെന്ന് സ്ഥിരീകരിച്ചതിനാല്‍ കോയമ്പത്തൂര്‍ പ്രശ്നബാധിത മേഖലയായാണ് സുരക്ഷ ഏജന്‍സികള്‍ കാണുന്നത്.

 

കേസില്‍ അറസ്റ്റിലായവര്‍ കോയമ്പത്തൂര്‍ ചെന്നൈ, രാമനാഥപുരം, തേനി, മധുര, തിരുനെല്‍വേലി സ്വദേശികളാണ്. ഇതും അതീവ ജാഗ്രത പ്രഖ്യാപിക്കാന്‍ ഇടയാക്കി. അതിനിടെ ലഷ്കറെ തയിബ ഭീകരരെ സഹായിച്ച മലയാളിയെ കുറിച്ചു ദുരൂഹത തുടരുകയാണ്. ഇയാള്‍ തൃശൂര്‍ സ്വദേശിയാണെന്നാണ് വിവരം. ഫോട്ടോയും പാസ്പോര്‍ട്ട് വിവരങ്ങളും പൊലീസ് മാധ്യമങ്ങള്‍ക്ക് നല്‍കിയെങ്കിലും ഡിജിപി ജെ.കെ. ദ്രിപതി ഇതുനിഷേധിച്ച് രംഗത്തെത്തി.

 

ഭീകരർ എത്തിയത് 3 ദിവസം മുൻപെന്ന് സൂചന; 10 പേരെ ചോദ്യം ചെയ്യുന്നു

 

ചെന്നൈ / കോയമ്പത്തൂർ / കൊടുങ്ങല്ലൂർ ∙ ശ്രീലങ്കയിൽ നിന്ന് 6 ലഷ്കറെ തയിബ ഭീകരർ തമിഴ്നാട്ടിലേക്കെത്തിയത് മൂന്നു ദിവസം മുൻപെന്നു സൂചന. തീരദേശ സംരക്ഷണ സേനയുടെ കണ്ണുവെട്ടിച്ചെത്തിയ സംഘത്തെക്കുറിച്ചു തമിഴ്നാട് ഇന്റലിജൻസ് ഐജി സേനയ്ക്കു ജാഗ്രതാ നിർദേശം നൽകിയത് 21 നാണ്. ഇവർക്കു തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നും കാര്യമായ പിന്തുണ ലഭിച്ചെന്നു കരുതുന്നു. സഹായം നൽകിയെന്നു കരുതുന്ന തൃശൂർ എറിയാട് മാടവന അബ്ദുല്ല റോഡ് കൊല്ലിയിൽ റഹീം (40) മുൻപു ബഹ്റൈനിലായിരുന്നു.

 

സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു നാട്ടിലെത്തിയ ശേഷം ഒരു മാസം മുൻപു ദുബായിലേക്കു പോയെന്നാണു ബന്ധുക്കൾക്കു ലഭിക്കുന്ന വിവരം. ദിവസങ്ങൾക്കു മുൻപ് പിതാവ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഉടൻ നാട്ടിലെത്തുമെന്ന മറുപടിയാണു ലഭിച്ചത്. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ആക്രമണം നടത്തുകയാണു തീവ്രവാദികളുടെ ലക്ഷ്യമെന്നു കരുതുന്നു. തിരുവാരൂർ മുത്തുപ്പേട്ടയിൽ നിന്നു കസ്റ്റഡിയിലെടുത്ത 10 പേരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.

 

കേരളത്തിൽ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലും ജനങ്ങൾ കൂടുന്ന മറ്റു സ്ഥലങ്ങളിലും ജാഗ്രത പാലിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവികൾക്കു നിർദേശം നൽകി. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ 112 എന്ന നമ്പറിലോ ഡിജിപിയുടെ കൺട്രോൾ റൂമിലോ (ഫോൺ: 0471 2722500) അറിയിക്കണം.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button