KERALA

 ലഹരിക്കെതിരെ 
തുടർയുദ്ധം ; രണ്ടാംഘട്ടത്തിന്‌ ശിശുദിനത്തിൽ തുടക്കം

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ശിശുദിന സന്ദേശത്തോടെ 
രണ്ടാംഘട്ട ലഹരിവിരുദ്ധ ക്യാമ്പയിന്‌ തിങ്കളാഴ്‌ച തുടക്കമാകും.
വിപുലമായ പരിപാടിയാണ്‌ ആസുത്രണം ചെയ്‌തിട്ടുള്ളത്‌. പകൽ 11ന്‌ മുഖ്യമന്ത്രിയുടെ ശിശുദിന സന്ദേശത്തോടെയാണ്‌ ക്യാമ്പയിൻ ആരംഭിക്കുക. കൈറ്റ്‌ വിക്ടേഴ്സ്‌ ചാനൽ വഴി തത്സമയം സംപ്രേഷണം ചെയ്യും. സന്ദേശം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കും.

എക്‌സൈസ്‌–- പൊതുവിദ്യാഭ്യാസ വകുപ്പും വിമുക്തി മിഷനും ചേർന്ന്‌ തയ്യാറാക്കിയ “തെളിവാനം വരയ്ക്കുന്നവർ’ ബോധവൽക്കരണ പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും.  അഞ്ചുമുതൽ പന്ത്രണ്ടുവരെ ക്ലാസിലള്ള കുട്ടികൾക്കാണിത്‌. ഇംഗ്ലീഷ്‌, കന്നഡ, തമിഴ്‌, ഹിന്ദി, ആദിവാസി ഭാഷാ പതിപ്പുമുണ്ടാകും. 65 ലക്ഷം കുടുംബത്തിൽ ലഹരിവിരുദ്ധ സന്ദേശമായി ഈ പുസ്‌തകമെത്തും. തിങ്കളാഴ്ച എല്ലാ ക്ലാസിലും ഒരു പിരീഡ്‌ ലഹരിവിരുദ്ധ സഭയ്‌ക്ക്‌ മാറ്റിവയ്‌ക്കും. എട്ടിന്‌ ചേർന്ന ഉന്നതതല സമിതിയാണ്‌ പരിപാടികൾ രൂപകൽപ്പന ചെയ്തത്‌. എക്‌സൈസും പൊലീസും ശക്തമായ നടപടി തുടരുമെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ്‌ വ്യക്തമാക്കി.

ലോകകപ്പ്‌ ഫുട്ബോൾ ആവേശത്തെയും മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമാക്കും. ഇതിനായി സംഘടിപ്പിക്കുന്ന ഗോൾ ചലഞ്ചിന്‌ ബുധനാഴ്ച തുടക്കമാകും. രണ്ട്‌ കോടി ഗോളടിക്കാനാണ്‌ ലക്ഷ്യം. സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട്‌ തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി നിർവഹിക്കും. ‌എല്ലാ വിദ്യാലയങ്ങളിലും പൊതു-സ്വകാര്യ സ്ഥാപനങ്ങൾ, വാർഡുകൾ, കുടുംബശ്രീ യൂണിറ്റ്‌, പൊതുസ്ഥലം എന്നിവിടങ്ങളിലും ഗോൾ ചലഞ്ച്‌ നടക്കും. ഒന്നാം ഘട്ടത്തിൽ ഒരു കോടി ആളുകളെ അണിനിരത്തിയ ശൃംഖലയോടെയാണ്‌ പരിപാടി അവസാനിച്ചത്‌.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button