ലിതാരയുടെ മരണത്തിൽ ദുരൂഹത; അന്വേഷിക്കണമെന്ന് ബന്ധുക്കൾ
കുറ്റ്യാടി: ബാസ്കറ്റ്ബാൾ താരം പാതിരിപ്പറ്റ കെ.സി. ലിതാരയുടെ (23) മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ മുഖേന മുഖ്യമന്ത്രിക്ക് പരാതി നൽകി. ബിഹാറിലെ പട്നയിൽ ജോലിസ്ഥലത്തിനടുത്ത് ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
ലിതാരയുടെ പരിശീലകന്റെ പീഡനമാണ് മരണത്തിന് കാരണമായി സംശയിക്കുന്നതെന്നും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ച് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ ഉത്തരവിടണമെന്നും സഹോദരീഭർത്താവ് നൽകിയ നിവേദനത്തിൽ സൂചിപ്പിച്ചതായി കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ പറഞ്ഞു. ചൊവ്വാഴ്ചയാണ് ലിതാര മരിച്ചതായി രാജീവ്നഗർ പൊലീസ് വീട്ടിൽ അറിയിച്ചത്. തിങ്കളാഴ്ച രാത്രി ലിതാര വീട്ടിൽ വിളിച്ചപ്പോൾ കോച്ചിനെ പറ്റി പരാതി പറഞ്ഞിരുന്നു.
ചൊവ്വാഴ്ച രാവിലെ ലിതാരയെ ഫോണിൽ ബന്ധപ്പെട്ടിട്ട് ലഭിക്കാത്തതിനെ തുടർന്ന് ഫ്ലാറ്റ് ഉടമയുമായി ബന്ധപ്പെടുകയായിരുന്നു. മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ പട്നയിലേക്ക് പോയിട്ടുണ്ട്. ലിതാരയുടെ മരണത്തോടെ ബാസ്കറ്റ്ബാളിൽ ദേശീയ താരത്തെയാണ് കേരളത്തിന് നഷ്ടമായത്. കാലിക്കറ്റ് യൂനിവേഴ്സിറ്റി, കേരള ടീം എന്നിവക്കുവേണ്ടി ലിതാര കളിച്ചിരുന്നു. ചീക്കോന്ന് ഈസ്റ്റ് എം.എൽ.പി സ്കൂളിൽ പഠിക്കുമ്പോൾതന്നെ ലിതാര സബ്ജില്ലയിലെ കായിക പ്രതിഭയായിരുന്നു.
വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ബാസ്കറ്റ്ബാൾ പരിശീലിച്ചത്. കഴിഞ്ഞ വിഷുവിന് നാട്ടിലെത്തിയപ്പോൾ സ്കൂളിലെ അധ്യാപകർക്കും ടീമിനുമൊപ്പമെത്തി കളിച്ചിരുന്നു.