KERALAUncategorized

ലീഗല്‍ എയ്ഡ് ക്ലിനിക്കുകളുടെ ഭാഗമായി മൊബൈല്‍ ആപ്പിലൂടെ നിയമസഹായം ലഭ്യമാകുന്ന സംവിധാനവുമായി നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി

ലീഗല്‍ എയ്ഡ് ക്ലിനിക്കുകളുടെ ഭാഗമായി മൊബൈല്‍ ആപ്പിലൂടെ നിയമസഹായം ലഭ്യമാകുന്ന സംവിധാനവുമായി നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി.  നിയമസഹായ കേന്ദ്രങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സാധാരണക്കാര്‍ക്ക് ‘നല്‍സ’ എന്ന മൊബൈല്‍ ആപ്പിലൂടെ സാധിക്കും.

സ്ത്രീകള്‍, കുട്ടികള്‍, പട്ടിക വിഭാഗക്കാര്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്നിവര്‍ക്ക് സൗജന്യ നിയമോപദേശവും നിയമസഹായവും നല്‍കുന്ന പദ്ധതിയാണ് ലീഗല്‍ എയ്ഡ് ക്ലിനിക്കുകള്‍. ദേശീയതലത്തില്‍ 22 സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിലും നിയമസഹായം ആവശ്യമുള്ള മറ്റ് പ്രധാന കേന്ദ്രങ്ങളിലുമെല്ലാം ഇത്തരം ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ജയിലുകള്‍, ചില്‍ഡ്രന്‍ ഹോമുകള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇത്തരം നിയമ സഹായ കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും മൊബൈല്‍ ആപ്പിലൂടെ സൗജന്യ നിയമോപദേശവും സഹായങ്ങളും രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും സാധാരണക്കാര്‍ക്ക് ലഭ്യമാകുമെന്നതാണ് സവിശേഷത.

പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്പിലൂടെ ആര്‍ക്കും നിയമ സഹായമാവശ്യപ്പെടാം. സമയം ലാഭത്തിനൊപ്പം, ഭൗതിക സാഹചര്യങ്ങള്‍ക്കായുള്ള കാത്തിരിപ്പ് ഒഴിവാക്കി നിയമസഹായം പൊതുജനങ്ങള്‍ക്ക് എളുപ്പമെത്തിക്കാന്‍ ഇത് സഹായകമാണെന്ന് കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എം പി ഷൈജല്‍ പറഞ്ഞു.

നല്‍സ’ ആപ്പ് ജനകീയമാകുന്നതോടെ ഏത് കേസുകളിലും, ഏത് ഘട്ടത്തിലും അഭിഭാഷകരുടെ സേവനം സൗജന്യമായി അനുവദിക്കുന്ന പദ്ധതി വിപുലമാകുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ജാമ്യാപേക്ഷ, റിമാന്‍ഡ്, അറസ്റ്റിനു മുന്‍പുള്ള ഘട്ടം തുടങ്ങിയവയ്‌ക്കെല്ലാം നിയമസഹായം ലഭ്യമാകും. നിയമ വിദ്യാര്‍ത്ഥികളുടെ സേവനം പ്രയോജനപ്പെടുത്തി നിയമസഹായ ക്യാംപയിനടക്കം സംഘടിപ്പിക്കുന്ന സംസ്ഥാനലീഗല്‍ സര്‍വീസ് അതോറിറ്റി, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി എന്നിവയുടെയെല്ലാം സഹായത്തോടെ നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി സംസ്ഥാനങ്ങളില്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്.

നിരവധി പഞ്ചായത്തുകളില്‍ ഈ ഉദ്ദേശ്യത്തോടെ ലീഗല്‍ എയ്ഡ് ക്ലിനിക്കുകള്‍ ആരംഭിച്ചിരുന്നു. മൂന്ന് ലക്ഷം രൂപയ്ക്ക് താഴെ വരുമാനമുള്ള പുരുഷന്‍മാര്‍ക്കും വരുമാന പരിധിയില്ലാതെ മുഴുവന്‍ സ്ത്രീകള്‍ക്കും ഗുണഫലം കിട്ടുന്ന പദ്ധതിയെന്ന നിലയിലാണ് ആരംഭിച്ചതെങ്കിലും പിന്നീട് ഇത്തരം ക്ലിനിക്കുകള്‍  വേണ്ടത്ര ഫലം കണ്ടില്ല. അദാലത്തിലൂടെയുള്‍പ്പെടെ പരിഹരിക്കാനാകുന്ന പ്രശ്നങ്ങള്‍ പ്രാദേശിക തലത്തില്‍ തന്നെ പരിഹരിക്കുകയും അതല്ലാത്ത പരാതികള്‍ കോടതിയുടെ പരിധിയിലെത്തിക്കുകയുമായിരുന്നു ഉദ്ദേശ്യം. പദ്ധതി വേണ്ടത്ര ഫലം കാണാത്ത സാഹചര്യത്തില്‍ മൊബൈല്‍ ആപ്പിലൂടെ കൂടുതല്‍പേര്‍ക്ക് നിയമസഹായ സാഹചര്യമൊരുക്കാനാകുമെന്ന കണക്ക് കൂട്ടലിലാണ് നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button