ലീഗിലെ വിദ്യാർഥിനികളുടെ സംഘടന ഹരിത പിരിച്ചു വിട്ടു.
എംഎസ്എഫ് നേതാക്കള്‍ക്കെതിരെ പരാതിപ്പെട്ട വനിതാ വിഭാഗമായ ‘ഹരിത’യുടെ സംസ്ഥാന കമ്മിറ്റി മുസ്ലീം ലീഗ് പിരിച്ചുവിട്ടു. ലീഗ് ഉന്നതാധികാര സമിതി യോഗമാണ് തീരുമാനം എടുത്തത്. എംഎസ്എഫ് നേതാക്കളില്‍ നിന്ന് ലിംഗപരമായ അധിക്ഷേപം നേരിട്ടവര്‍ ഇതു സംബന്ധിച്ച് വനിതാകമീഷനില്‍ പരാതി നല്‍കിയതിനാണ് നടപടി.
കടുത്ത അച്ചടക്ക ലംഘനമാണ് ഹരിത നേതാക്കള്‍ നടത്തിയിരിക്കുന്നതെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി എം എ സലാം പറഞ്ഞു. 2018 ല്‍ രൂപീകരിച്ച നിലവിലെ ഹരിത കമ്മിറ്റി കാലഹരണപ്പെട്ടതാണ്. ഒരു വര്‍ഷം മാത്രമാണ് കമ്മിറ്റിയുടെ കാലാവധി. പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരുമെന്നും സലാം പറഞ്ഞു.
വനിതാ കമീഷന് നല്‍കിയ പരാതി പിന്‍വലിക്കാന്‍ ലീഗ് നേതൃത്വം പലവട്ടം ആവശ്യപ്പെട്ടിട്ടും ഹരിതാ നേതാക്കള്‍ ഉറച്ച നിലപാടെടുത്തു. ഇതോടെയാണ് ഹരിത പിരിച്ചുവിടാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചത്.