കോഴിക്കോട് കോട്ടകെട്ടി ഇടത്

ഇടതു കോട്ടകളിൽ ഉൾപ്പെടുത്തി പറയാറില്ലെങ്കിലും കോഴിക്കോട് ഇടതു തരംഗത്തിലാണ്. 13 നിയമസഭാ മണ്ഡലങ്ങളിൽ 11 എണ്ണവും ഈ തിരഞ്ഞെടുപ്പിൽ ഇടതിനൊപ്പം നിന്നു. 2016 ൽ നഷ്ടമായ കുററ്യാടിയും കോഴിക്കോട് സൌത്തും കൂടി ഇത്തവണ കൂടെ പോയി.

വടകരയും  കൊടുവള്ളിയും മാത്രമാണ്‌ യുഡിഎഫ്‌ വിജയം നേടിയത്. വകടരയിലെ പരാജയം പക്ഷെ സി.പി.എമ്മിന് ഒരു ഒന്നൊന്നര പരാജയമാണ്. കൊല്ലപ്പെട്ട റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി നേതാവ് പി.ടി ചന്ദ്രശേഖരൻ്റെ വിജയമായി ഇതിനെ കാണുന്നു. അദ്ദേഹത്തിൻ്റെ ഭാര്യയും റെവല്യൂഷണറി നേതാവുമായ കെ.കെ രമയാണ് വടകരയിൽ നിന്നും നിയമസഭയിൽ എത്തുന്നത്. ജനതാദളിൻ്റെ മനയത്ത് ചന്ദ്രനായിരുന്നു എതിർ സ്ഥാനാർത്ഥി. 7491 വോട്ടുകൾക്കാണ് ഇദ്ദേഹം പരാജയം ഏറ്റുവാങ്ങിയത്. മത്സരിച്ചത് ദൾ സ്ഥാനാർഥിയായിരുന്നു എങ്കിലും സി.പി.എമ്മിൻ്റെ പോരാട്ടമായിരുന്നു. കൊടുവള്ളിയിൽ ലീഗിലെ ജനപ്രിയ നേതാവ് എം.കെ മുനീർ ആണ് യു.ഡി.എഫിന് ലഭിച്ച ജില്ലയിലെ രണ്ടാമത്തെ സീറ്റ്.

മന്ത്രിമാർ,മേയർ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  എന്നിങ്ങനെ ഭരണ രംഗത്ത് കഴിവ് തെളിയിച്ചവർ ഉൾപ്പെടുന്നതായിരുന്നു കോഴിക്കോട്ടെ ഇടതു പട്ടിക.

മന്ത്രിമാരായ ടി പി രാമകൃഷ്‌ണനും (പേരാമ്പ്ര)എ കെ ശശീന്ദ്രനും(എലത്തൂർ)വൻ ഭൂരിപക്ഷത്തിൽ വിജയം ആവർത്തിച്ചു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമ്മദ്‌ റിയാസ്‌ (ബേപ്പൂർ), എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ്‌ (ബാലുശേരി), എസ്‌എഫ്‌ഐ കേന്ദ്രക്കമ്മിറ്റി അംഗമായ കൂടരഞ്ഞി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിന്റോ ജോസഫ്‌ (തിരുവമ്പാടി) എന്നീ യുവനേതാക്കൾ വിജയം നേടി.

സിറ്റിങ്‌ എംഎൽഎമാരായ ഇ കെ വിജയൻ (നാദാപുരം), പി ടി എ റഹീം ( കുന്നമംഗലം)എന്നിവർ  ഹാട്രിക്‌ വിജയത്തിനുടമകളായി. മുൻ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി കുഞ്ഞമ്മദ്‌കുട്ടി ലീഗിൽനിന്ന്‌ കുറ്റ്യാടി പിടിച്ചെടുത്തു. കേരള കോൺഗ്രസിന് വീതം വെച്ച് നൽകിയതിനെ ചൊല്ലി പാർട്ടിയിൽ വൻ കലാപം നടന്ന സീറ്റാണിത്.

നിലവിലെ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ കാനത്തിൽ ജമീല കൊയിലാണ്ടിയിൽ വിജയം നേടി.  മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ (കോഴിക്കോട്‌ നോർത്ത്‌),  ഐഎൻഎൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഹമ്മദ്‌ ദേവർകോവിൽ (കോഴിക്കോട്‌‌ സൗത്ത്‌)എന്നീ പുതുമുഖങ്ങളും വിജയം നേടി.

സിനിമാനടൻ ധർമജൻ ബോൾഗാട്ടി (ബാലുശേരി), കെപിസിസി ജനറൽ സെക്രട്ടറിമാരായ പി എം നിയാസ്‌(ബേപ്പൂർ),എൻ സുബ്രഹ്മണ്യൻ (കൊയിലാണ്ടി), കെ പ്രവീൺകുമാർ (നാദാപുരം), കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്‌ കെ എം അഭിജിത്‌ (കോഴിക്കോട്‌ നോർത്ത്‌) എന്നിവരാണ്‌ യുഡിഎഫിലെ തോറ്റ പ്രമുഖർ. ഫലത്തിൽ 2001നുശേഷം ജില്ലയിൽനിന്ന്‌ എംഎൽഎ ഇല്ലെന്ന ക്ഷീണം തീർക്കാൻ കോൺഗ്രസിന്‌ ഇത്തവണയും സാധിച്ചില്ല. ലീഗിന് ഒരു സീറ്റ് നഷ്ടമായി.

Comments

COMMENTS

error: Content is protected !!