CRIMEDISTRICT NEWS

സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച കോടതി നിലപാടിനെതിരെ ദേശീയ വനിതാ കമ്മീഷൻ

സിവിക് ചന്ദ്രന് ലൈംഗിക പീഡന കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതിയുടെ നിലപാടിനെതിരെ ദേശീയ വനിതാ കമ്മീഷൻ രംഗത്ത്. കോടതിയുടെ പരാമർശങ്ങൾ അതീവ ദൗർഭാഗ്യകരം എന്ന് രേഖ ശർമ പ്രതികരിച്ചു. വിധിയിലെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ കോടതി അവഗണിച്ചുവെന്നും അവർ വിമർശിച്ചു.

കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് വിവാദ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പരാതിക്കാധാരമായ സംഭവം നടന്ന ദിവസത്തെ പ്രതി ഹാജരാക്കിയ ഫോട്ടോകൾ തെളിവായെടുത്താണ് കോടതി നിലപാടെടുത്തത്. യുവതിയുടെ ശരീരഭാഗങ്ങൾ കാണുന്ന നിലയിലായിരുന്നു ഫോട്ടോ. ഇത്തരത്തിൽ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡനത്തിനുള്ള 354-എ വകുപ്പ് നിലനില്‍ക്കില്ലെന്നായിരുന്നു കോടതി നിലപാട്.

സ്തീവിരുദ്ധവും നിയമ ലംഘനവുമാണ് ഉത്തരവിലെ പരാമ‍ർശങ്ങളെന്ന് നിയമരംഗത്തെയും പൊതുരംഗത്തെയും പ്രമുഖർ കുറ്റപ്പെടുത്തുന്നു. സെഷൻസ് ജഡ്ജിയുടെ പരാമ‍ർശത്തിനെതിരെ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകാനാണ് പരാതിക്കാരിയുടെ തീരുമാനം. അപ്പീൽ നൽകാൻ പ്രോസിക്യൂഷനും ആലോചിക്കുന്നുണ്ട്. ഉത്തരവിൽ പ്രതിയുടെ മക്കളുടെ സ്ഥാനമാനങ്ങളടക്കം ചൂണ്ടിക്കാട്ടി സമൂഹത്തിൽ ഉന്നത പദവിയുള്ളയാൾ പീഡനം നടത്താനിടയില്ലെന്നും പറയുന്നുണ്ട്. ഇത്തരത്തിലുള്ള നിഗമനങ്ങളും ശരിയല്ലെന്നും വിമർശനമുയരുന്നുണ്ട്. 

അതേസമയം സിവിക് ചന്ദ്രനെതിരായ ആദ്യ കേസിലും കോടതി ജാമ്യം നൽകാനെടുത്ത നിലപാടിലും ഇപ്പോൾ വിമർശനം ഉയരുന്നുണ്ട്. ജാതിയില്ലെന്ന് എസ്എസ്എൽസി ബുക്കിൽ രേഖപ്പെടുത്തിയ ആൾക്കെതിരെ എസ് സി – എസ് ടി ആക്ട് നിലനിൽക്കില്ലെന്നായിരുന്നു കോടതി നിലപാടെടുത്തത്. ഈ പരാമർശം പട്ടിക ജാതി പട്ടിക വർഗ അതിക്രമ നിയമത്തിന് എതിരാണെന്നാണ് നിയമ വിദഗദ്ധർ പറയുന്നു.

എഴുത്തുകാരിയും അധ്യാപികയുമായ ദളിത് യുവതി നൽകിയ പീഡന പരാതിയിലാണ് കോടതി വിചിത്ര ന്യായം പറഞ്ഞ് മുൻകൂർ ജാമ്യം അനുവദിച്ചത്. സിവിക് ചന്ദ്രൻ യുവതിക്കയച്ച വാട്സ് അപ് ചാറ്റുകളടക്കം പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. എന്നാൽ പട്ടിക ജാതി പീഡന നിരോധന നിയമം അടക്കം നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിന്‍റെ വാദം പരിഗണിച്ചാണ് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ഉപാധികളില്ലാതെയാണ് സിവികിന് ജാമ്യം ലഭിച്ചത്. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button