ലൈഫ് മിഷന് കേസിൽ സി എം രവീന്ദ്രനെ ചോദ്യം ചെയ്തത് 11 മണിക്കൂർ
ലൈഫ് മിഷന് കേസിൽ സി എം രവീന്ദ്രനെ ചോദ്യം ചെയ്തത് 11 മണിക്കൂർ. നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രെെവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇഡി ഓഫീസിൽ നിന്ന് മടങ്ങി. ഇഡിയുടെ കൊച്ചി ഓഫീസില്‍ ചൊവ്വാഴ്ച രാവിലെ 9.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി എട്ട് മണിയോടെയാണ് അവസാനിച്ചത്. ചോദ്യം ചെയ്യലിന് ശേഷവും മാധ്യമങ്ങളെ കൈവീശിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ മടക്കം.
വിവരശേഖരണത്തിനെന്ന നിലയിലാണ് രവീന്ദ്രനെ വിളിപ്പിച്ചിരുന്നത്. സി എം രവീന്ദ്രനും സ്വപ്നാ സുരേഷും എം ശിവശങ്കറും തമ്മിൽ നടത്തിയതായി പറയുന്ന വാട്സാപ്പ് ചാറ്റിൽ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് രവീന്ദ്രനെ ചോദ്യം ചെയ്തത്.
ആദ്യ നോട്ടീസിൽ ഫെബ്രുവരി 27 ന് ഹാജരാകാനായിരുന്നു നിർദേശം. നിയമസഭാ സമ്മേളനം നടക്കുന്ന ദിവസമായിരുന്നതിനാൽ അക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരാകാൻ കൂട്ടാക്കിയില്ല. നേരത്തേ സ്വർണക്കടത്ത് കേസിൽ മൂന്ന് തവണ നോട്ടീസ് അയച്ചപ്പോൾ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
അതേസമയം സി എം രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. കേസിൽ ചൊവ്വാഴ്ച പത്തര മണിക്കൂർ ചോദ്യം ചെയ്തിരുന്നെങ്കിലും രവീന്ദ്രൻ നൽകിയ ഉത്തരങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ഇതിനായി രവീന്ദ്രനെ ഇഡി വൈകാതെ വിളിപ്പിക്കുമെന്നാണ് വിവരം.
ഇടപാടുമായി തനിക്ക് ഒരു ബന്ധമില്ലെന്ന് രവീന്ദ്രൻ മൊഴി നൽകി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും ലൈഫ് മിഷൻ സി.ഇ.ഒയായിരുന്ന യു.വി. ജോസുമാണ് ചർച്ചകളും ഇടപാടുകളും നടത്തിയതെന്നും രവീന്ദ്രൻ മൊഴി നൽകിയെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഒന്നും അറിയില്ലെന്ന ശിവശങ്കറിന്റെ മൊഴിക്ക് വിരുദ്ധമാണ് രവീന്ദ്രന്റെ മൊഴി.