ലൈഫ് മിഷന്‍ രണ്ടാം ഘട്ടം ഡിസംബറോടെ പൂര്‍ത്തീകരിക്കണം – ജില്ലാ കലക്ടര്‍

ജില്ലയില്‍ രണ്ടാം ഘട്ടത്തില്‍ ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെട്ട വീടുകളുടെ നിര്‍മാണം ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ എസ് സാംബശിവ റാവു നിര്‍ദേശം നല്‍കി. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും  ഭവനനിര്‍മാണ പദ്ധതി സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനുമായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. പാതിവഴിയിലായ ഭവനങ്ങളുടെ പ്രവര്‍ത്തന പുരോഗതി അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്തു. നിലവില്‍ 285 വീടുകള്‍ ഒന്നാംഘട്ടത്തില്‍ പൂര്‍ത്തീകരിക്കാനുണ്ട്. വിവിധ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സഹകരിച്ച് 6363 വീടുകള്‍ ഇതിനകം പൂര്‍ത്തീകരിച്ചു. ശേഷിക്കുന്ന വീടുകള്‍ നവംബര്‍  30 നകം  പൂര്‍ത്തീകരിക്കണമെന്നു കലക്ടര്‍ നിര്‍ദേശിച്ചു. ഗുണഭോക്തൃ സംഗമം വിളിച്ചുചേര്‍ത്ത് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണം. സുതാര്യത ഉറപ്പുവരുത്തേണ്ടത് നിര്‍വഹണ ഉദ്യോഗസ്ഥരുടെ ചുമതലയാണെന്നും കളക്ടര്‍ പറഞ്ഞു.
രണ്ടാം ഘട്ടത്തില്‍ ജില്ലയില്‍ 4739 വീടുകളാണ് നിര്‍മാണത്തിലുള്ളത് ഇതില്‍ 3159 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. കോടഞ്ചേരി, വില്ല്യാപ്പള്ളി പഞ്ചായത്തുകള്‍ നൂറ് ശതമാനം പൂര്‍ത്തീകരണം നേടി. മൂന്നാംഘട്ടത്തില്‍ ജില്ലയിലെ ഭൂരഹിത, ഭവനരഹിതരുടെ അര്‍ഹതാ പരിശോധന നടന്നുവരികയാണ്. 41 ഓളം പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയും അര്‍ഹതാ പരിശോധന പൂര്‍ത്തിയാക്കി. ഈ മാസം 30 നകം അര്‍ഹതാ പരിശോധന പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശം. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജോര്‍ജ്ജ് ജോസഫ്, പ്രൊജക്ട് ഓഫീസര്‍ സിജു തോമസ്, വിവിധ നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments

COMMENTS

error: Content is protected !!