ലൈഫ് മൂന്നാം ഘട്ടം; അപേക്ഷകൾ ഓഗസ്റ്റ് 14നകം സമർപ്പിക്കണം 

ഭവനരഹിതരായ മുഴുവൻ ആളുകൾക്കും 2021 ഓടെ വീട് ലഭ്യമാക്കുക എന്നതാണ് കേരള സർക്കാർ ലൈഫ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.  ലൈഫ് പദ്ധതിയുടെ  മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിലെ പട്ടികയിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കും ഭൂരഹിതർക്കും  അപേക്ഷകൾ സമർപ്പിക്കാനുള്ള അവസരം ഓഗസ്റ്റ് ഒന്നിന് തന്നെ ജില്ലയിൽ ഒരുക്കിയിരുന്നു. ഓഗസ്റ്റ് 14 വരെയാണ് അപേക്ഷ സമർപ്പിക്കാൻ അവസരം.
 പൂർണ്ണമായും ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തദ്ദേശഭരണ സ്ഥാപനങ്ങളിൽ സജ്ജീകരിക്കുന്ന ഹെൽപ് ഡെസ്ക്കുകൾ, അക്ഷയ സെന്റർ എന്നിവ  വഴിയോ സ്വന്തമായോ അപേക്ഷകൾ സമർപ്പിക്കാം. ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ടവരെ ഒറ്റ കുടുംബമായിട്ടായിരിക്കും പരിഗണിക്കുക.  2020 ജൂലൈ ഒന്നിനു മുൻപ് റേഷൻ കാർഡ് ഉള്ളതും കാർഡിൽ പേരുള്ള ഒരാൾക്ക് പോലും ഭവനം ഇല്ലാത്തവരുമായ  ഭൂമിയുള്ള ഭവനരഹിതർ, ഭൂരഹിത ഭവനരഹിതർ എന്നിവർക്കാണ് അപേക്ഷിക്കാൻ കഴിയുക. അപേക്ഷിക്കുന്നവരുടെ വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ താഴെയായിരിക്കണം. പട്ടികജാതി, പട്ടികവർഗ്ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങൾക്ക് നിബന്ധനകളിൽ ഇളവുകൾ ഉണ്ട്.
ഗ്രാമ പഞ്ചായത്തിലും നഗരസഭകളിലും ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം കരട് പട്ടിക പ്രസിദ്ധീകരിക്കും. റേഷൻ കാർഡ്, ആധാർ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, ഏത് വിഭാഗമാണെന്ന് തെളിയിക്കുന്ന രേഖ,  റേഷൻ കാർഡിൽ ഉൾപ്പെട്ട കുടുംബങ്ങളുടെ പേരിൽ ഭൂമിയില്ലെന്ന സാക്ഷ്യപത്രം, സ്വന്തം പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ മറ്റെവിടെയും ഭൂമിയില്ലെന്ന ഗുണഭോക്താവിന്റെ സാക്ഷ്യപത്രം തുടങ്ങിയവയാണ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ.  നിലവിൽ ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ വീണ്ടും അപേക്ഷ നൽകേണ്ടതില്ല.
 ജില്ലാ കലക്ടറുടെ ഒപ്പം അദാലത്ത്, പരാതി പരിഹാര അദാലത്ത് എന്നിവയിൽ വീടിനായി അപേക്ഷ നൽകിയവർ  വീണ്ടും അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ കലക്ടർ സാംബശിവറാവു അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ,  വകുപ്പുകൾ എന്നിവർ ഇക്കാര്യം ഉറപ്പു വരുത്തണം.
ജില്ലയിലെ പദ്ധതി പുരോഗതി വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിലാണ് നിർദ്ദേശം. അസിസ്റ്റന്റ് കലക്ടർ ശ്രീധന്യ സുരേഷ്, ലൈഫ് മിഷൻ കോർഡിനേറ്റർ ജോർജ് ജോസഫ്, വിവിധ വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Comments

COMMENTS

error: Content is protected !!