CALICUTDISTRICT NEWS
ലോറിയിൽ കൊണ്ടുവന്ന പഴകിയ മത്സ്യം പിടികൂടി
കോഴിക്കോട് : മതിയായ ശീതീകരണസംവിധാനമില്ലാതെ ഒഡിഷയിൽനിന്ന് മത്സ്യവുമായി എത്തിയ കണ്ടെയ്നർ ലോറി പിടികൂടി. ദേശീയപാത ചെറുവണ്ണൂരിൽ തപാലാപ്പീസിനു മുന്നിൽനിന്ന് പോലീസ് പിടികൂടിയ വാഹനം ആരോഗ്യവകുപ്പിന് കൈമാറി. തുടർന്ന് ഭക്ഷ്യസുരക്ഷാവിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു.
തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനം വെള്ളിയാഴ്ചയാണ് മത്സ്യവുമായി പുറപ്പെട്ടത്. വാഹനത്തിൽ 129 പെട്ടി ചൂടാ മത്സ്യമാണുണ്ടായിരുന്നത്. പെട്ടികളിൽ ഐസിട്ടു സൂക്ഷിച്ചതായിരുന്നു മത്സ്യം.
ഫറോക്ക് പോലീസ് സ്റ്റേഷൻ പിന്നിട്ട വണ്ടിയിൽനിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ഇരുചക്രവാഹനത്തിൽ പിന്തുടർന്ന് ചെറുവണ്ണൂർ ജങ്ഷനിൽ പിടികൂടുകയായിരുന്നു.
ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരായ ഡോ. ജോസഫ് കുരിയാക്കോസും ഡോ. വിഷ്ണു എസ്.ഷാജിയും എത്തി ആദ്യത്തെ രണ്ടുപെട്ടികൾ പരിശോധിച്ചപ്പോൾ മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി. തുടർന്ന് മുഴുവൻ പെട്ടിയും പൊളിച്ച് പരിശോധിക്കുന്നതിനായി ലോറി കസ്റ്റഡിയിലെടുത്ത് കോഴിക്കോട് സെൻട്രൽ മാർക്കറ്റിലെത്തിച്ചു. മീനിൽ ഫോർമാലിൻ കലർന്നിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള പരിശോധനകൾ നടത്തേണ്ടതുണ്ടെന്ന് ഡോ. വിഷ്ണു എസ്. ഷാജി പറഞ്ഞു.
കേടായതിനെത്തുടർന്ന് 270 കിലോ മത്സ്യം നശിപ്പിച്ചു. ബാക്കിയുള്ളതിന്റെ കാര്യം പരിശോധനയ്ക്കുശേഷം തിരുമാനിക്കുമെന്ന് ഭക്ഷ്യസുരക്ഷാഉദ്യോഗസ്ഥർ പറഞ്ഞു.
കോർപ്പറേഷൻ ആരോഗ്യ എൻഫോഴ്സ്‌മെൻറ് ഹെൽത്ത് ഓഫീസർ സി.കെ. വത്സൻ, വി.കെ. പ്രമോദ്, പി.എസ്. ഡെയ്സൺ, ചെറുവണ്ണൂർ നല്ലളം വില്ലേജ് ഓഫീസർ സി.കെ. സുരേഷ്കുമാർ, കോർപ്പറേഷൻ ചെറുവണ്ണൂർ നല്ലളം സോണൽഹെൽത്ത് ഇൻസ്‌പെക്ടർ പി. ഷാജിൽ കുമാർ, വിജേഷ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
Comments