വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാവും മുൻ എം എൽ എയുമായ കെ എം ഷാജി കോടതിയിൽ
വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാവും മുൻ എം എൽ എയുമായ കെ എം ഷാജി കോടതിയിൽ. കണ്ണൂരിലെ വീട്ടിൽ നിന്നും അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത 47,35,500 രൂപ തിരികെ വേണമെന്ന് ആവശ്യപെട്ടാണ് ഷാജി കോഴിക്കോട് വിജിലൻസ് കോടതിയെ സമീപിച്ചത്. പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടെന്ന നിലപാടിൽ ആണ് ഷാജി.
കെ എം ഷാജിയുടെ ഹർജി കോടതി ഇന്ന് പരിഗണിക്കും. അതേസമയം പണം തിരികെ നൽകുന്നത് അനധികൃത സ്വത്ത് സമ്പാദന കേസിനെ ബാധിക്കുമെന്ന നിലപാടിലാണ് വിജിലൻസ്. അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ ആണ് വിജിലൻസ് അന്വേഷണം .
2020 ജനുവരിയിലാണ് കെ.എം. ഷാജിയെ പ്രതി ചേർത്ത് വിജിലൻസ് കോഴക്കേസ് രജിസ്റ്റർ ചെയ്തത്. 2013-ൽ അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കേസ്. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി പി എം നേതാവ് കുടുവൻ പദ്മനാഭൻ നൽകിയ പരാതിയിലായിരുന്നു കേസ്.