കൊയിലാണ്ടി മാരാമ്മുറ്റം തെരു മഹാഗണപതി ക്ഷേത്രക്കുളം നവീകരണത്തിന്റെ രണ്ടാം ഘട്ടം പ്രവൃത്തി ആരംഭിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി മാരാമ്മുറ്റം തെരു മഹാഗണപതി ക്ഷേത്രക്കുളം നവീകരണത്തിന്റെ രണ്ടാം ഘട്ടം പ്രവൃത്തി ആരംഭിച്ചു. ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് കുളത്തിന്റെ ഒന്നാം ഘട്ടം നിർമ്മാണ പ്രവൃത്തി പൂർത്തീകരിച്ചത്.
ഏകദേശം ഇരുപത് സെന്റ് വരുന്ന ക്ഷേത്രഭുമിയിൽ വ്യാപിച്ച് കിടക്കുന്ന കുളത്തിന് മുന്നൂറ് വർഷത്തെ പഴക്കമുണ്ടെന്നാണ് വിശ്വാസം. സമീപ പ്രദേശത്തെ പ്രധാന കുടിവെള്ള സ്രോദസ്സ് കൂടിയാണിത്. കുളത്തിന്റെ നവീകരണ – നിർമ്മാണ പ്രവൃത്തികൾ പൂർത്തികരിക്കാൻ എൺപത് ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് കണക്കാക്കുന്നത്.
ആദ്യ ഘട്ട പ്രവൃത്തികൾക്കായി പതിനഞ്ച് ലക്ഷം രൂപയോളം ചെലവഴിച്ച് കഴിഞ്ഞു. ഇപ്പോൾ നടക്കുന്ന രണ്ടാം ഘട്ട നിർമ്മാണ പ്രവൃത്തികൾക്ക് പത്ത് ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നവീകരണ പ്രവൃത്തികൾക്കായി സർക്കാർ തലത്തിൽ ബന്ധപ്പെട്ട വകുപ്പധികൃതർക്ക് നേരത്തെ തന്നെ അപേക്ഷകൾ സമർപ്പിച്ചിരുന്നെങ്കിലും നാളിതുവരെ നടപടികൾ ഉണ്ടായില്ല. ഇക്കാരണത്താൽ നാട്ടുകാരുടെ സഹായത്തോടെ ക്ഷേത്രക്കമ്മിറ്റി മുൻകൈയെടുത്ത് നവീകരണ പ്രവൃത്തികൾക്ക് തുടക്കം കുറിക്കുകയായിരുന്നു.