വടകര നഗരസഭയുടെ ഗ്രീൻ ടെക്നോളജി സെന്ററിൽ കരവിരുതിലൂടെ മിനുക്കിയെടുത്തത് മൂല്യവർധിത ഉൽപ്പന്നങ്ങൾ
ഉപയോഗശൂന്യമായ വസ്തുക്കൾ ഉപയോഗിച്ച് ഉപകാരപ്രദമായ മറ്റു ചില വസ്തുക്കൾ ഉണ്ടാക്കിയാലോ! അതിശയിക്കാനൊന്നുമില്ല, വടകര നഗരസഭയുടെ ഗ്രീൻ ടെക്നോളജി സെന്ററിൽ വന്നാൽ ഇത് നേരിൽ കാണാം. പഴയ ഫ്രിഡ്ജുകൾ പ്രസംഗപീഠമായും സോഫാ സെറ്റുമൊക്കെയായി മാറുകയാണ്. ഫ്രിഡ്ജ് മാത്രമല്ല, ടി.വി.യും പഴയ ടയറുകളും ഒഴിവാക്കപ്പെട്ട വെള്ളത്തിന്റെ ടാങ്കുകളും ടൈൽകഷണങ്ങളും കല്ലും പാളയുമെല്ലാം ഇവിടെ മൂല്യവർധിത ഉത്പന്നങ്ങളായി മാറുകയാണ്.
ഗ്രീൻ ടെക്നോളജി സെന്ററിന്റെ ഹാളിൽ പ്രവേശിക്കുമ്പോൾ മധ്യഭാഗത്ത് നല്ല ഭംഗിയുള്ള ഇരിപ്പിടവും ടേബിളും കാണാം, ഇരിപ്പിടങ്ങൾ പഴയ ടയറിൽ കയർ വരിഞ്ഞ് നല്ല ഭംഗിയാക്കിയവയാണ്.എൽഇഡി ടി വിയുടെ കേടായ ഡിസ്പ്ലേ സ്ക്രീനാണ് ടീപ്പോയ് ആക്കി മാറ്റിയത്. ഉള്ളിലുള്ള മണ്ണു പരിശോധന ലാബിൽ കയറിയാൽ മനോഹരമായ സോഫ കാണാം. ഇതും ഫ്രിഡ്ജ് കൊണ്ട് നിർമ്മിച്ചതാണ്. ഇത്തരത്തിൽ മൂന്നോ നാലോ ഫ്രിഡ്ജ് ചേർത്തിട്ടാൽ ഒരു നല്ല ബെഡ് ആയി ഉപയോഗിക്കാം.
വഴിയരികിൽ ഉപേക്ഷിച്ച ടൈൽ കഷണങ്ങൾ ഒട്ടിച്ച നല്ല ഭംഗിയുള്ള ചട്ടികൾ, വെട്ടുകല്ല് ഒട്ടിച്ച് ഭംഗിയാർന്ന ചെടിച്ചട്ടികൾ, വെട്ടുകഷണങ്ങൾ ഉപയോഗിച്ച് ഭംഗിയുള്ള ചവിട്ടികൾ, അങ്ങനെ കൗതുകമാർന്ന പല ഉൽപ്പന്നങ്ങളും ഇവിടെ കാണാം.
വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും അജൈവമാലിന്യങ്ങൾ ശേഖരിക്കുന്ന പ്രവൃത്തി മികച്ചരീതിയിൽ നടക്കുന്ന നഗരസഭയാണ് വടകര. കൃത്യമായി പ്രവർത്തിക്കുന്ന ഹരിതകർമസേനയും നഗരസഭക്ക് കീഴിലുണ്ട്. സേനാംഗങ്ങൾ ശേഖരിക്കുന്നവയിൽ പഴയ ടി.വി.യും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് സാധനങ്ങളും ടയറുകളുമെല്ലാമുണ്ട്. ഇവയാണ് മറ്റ് വസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. പഴയ ടയർകൊണ്ട് ചെടികൾ നടാനുള്ള സംവിധാനം നേരത്തേതന്നെ ഹരിതകർമസേന നിർമിച്ചു വരുന്നുണ്ട്.