വനിതകൾ, പ്രതിപക്ഷത്ത് കെ.കെ രമയും ഭരണബഞ്ചിൽ പത്തു പേരും

നിയമസഭയിൽ ഇനി ഭരണബെഞ്ചിൽ  പത്ത്‌ വനിതകളുടെ കരുത്തുറ്റ നിര. പ്രതിപക്ഷ വനിതാ നിരയിൽ ഒരേയൊരു രമയും. അങ്ങനെ മൊത്തം 11 വനിതകളാണ് സഭയിൽ എത്തുന്നത്. ഏറ്റവും വലിയ ഭൂരിപക്ഷം നേടി നിയമ സഭയിൽ എത്തുന്നതും ഒരു വനിതയാണ്. ചരിത്ര ഭൂരിപക്ഷത്തോടെ കെ.കെ ശൈലജ ടീച്ചർ.

മൽസരിച്ച 15 എൽഡിഎഫ്‌ സ്ഥാനാർഥികളിൽ  പത്തുപേർ ജയിച്ചു. വീണ ജോർജ്‌, യു പ്രതിഭ, ആർ ബിന്ദു, ഒ എസ്‌ അംബിക, കെ ശാന്തകുമാരി, കാനത്തിൽ ജമീല, ജെ ചിഞ്ചുറാണി, ദലീമ ജോജോ, സി കെ ആശ എന്നിവരാണവർ. വടകരയിൽനിന്ന്‌ വിജയിച്ച കെ കെ രമ മാത്രമാണ്‌ പ്രതിപക്ഷ നിരയിലെ ഏക വനിതാ ശക്തി

.

കഴിഞ്ഞ സഭയിൽ എൽഡിഎഫിൻ്റെ  എട്ട്‌ വനിതാ എംഎൽഎമാരാണ്‌ ഉണ്ടായിരുന്നത്‌. ഇതിൽ രണ്ടുപേർക്ക് മാത്രമാണ് മന്ത്രി സ്ഥാനം ലഭിച്ചത്. ആരോഗ്യ വകുപ്പിനെ കെ കെ ശൈലജയും ഫിഷറീസ്‌ വകുപ്പിനെ ജെ മേഴ്‌സിക്കുട്ടിയമ്മയും നയിച്ചു. മേഴ്‌സികുട്ടിയമ്മ ഇത്തവണ മൽസരിച്ചുവെങ്കിലും   ജയിക്കാനായില്ല.

യു.ഡി.എഫ് സ്ഥാനാർത്ഥികളായിരുന്നത് പി കെ ജയലക്ഷ്‌മി, പദ്മജ വേണുഗോപാൽ, ബിന്ദു കൃഷ്‌ണ, ലതികാ സുഭാഷ് എന്നിങ്ങനെ 12 പേരാണ്. 25 വർഷത്തിന്‌ ശേഷം ആദ്യമായി മുസ്ലിംലീഗ്‌ കോഴിക്കോട്‌ സൗത്തിൽ മത്സരിപ്പിച്ച വനിത നൂർബിന റഷീദ് ഇടതു തരംഗത്തിൽ തോൽവി ഏറ്റുവാങ്ങി. ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രനും മത്സര രംഗത്തുണ്ടായിരുന്നു. 20 മണ്ഡലങ്ങളിലാണ്‌ ബിജെപി വനിതകളെ മത്സര രംഗത്ത് എത്തിച്ചത്.

2016ൽ എൽഡിഎഫിന്റെ കെ കെ ശൈലജ (കൂത്തുപറമ്പ്‌), ജെ മേഴ്‌സികുട്ടിയമ്മ (കുണ്ടറ), കെ അയിഷ പോറ്റി (കൊട്ടാരക്കര), വീണ ജോർജ്‌ (ആറന്മുള), യു പ്രതിഭ (കായംകുളം), ഗീത ഗോപി (നാട്ടിക), ഇ എസ്‌  ബിജിമോൾ (പീരുമേട്‌), സി കെ ആശ (വൈക്കം) എന്നിങ്ങനെ എട്ടുപേർ സഭയിലുണ്ടായിരുന്നു.

2016ൽ കോൺഗ്രസിന് സഭയിൽ ഒരു വനിതയെ പോലും എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഉപതെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസമാൻ അരൂർ പിടിച്ചെടുത്തതിലൂടെ ഒരു വനിതാ പ്രാതിനിധ്യം നേടിയെടുക്കാൻ കഴിഞ്ഞു. എങ്കിലും ഇത്തവണ ആ സീറ്റിൽ ദലീമയുടെ വിജയത്തോടെ അതും നഷ്ടമായി.

ഇടതുപക്ഷ പ്രവർത്തകയായിരിക്കെ വലതുപക്ഷ മുന്നണിയിൽ നിന്നു കൊണ്ട് കെ. കെ രമയാവും പ്രതിപക്ഷ കരുത്തിലെ ഏക വനിതാ ശബ്ദം.

 

Comments

COMMENTS

error: Content is protected !!