എല്ലാ മേഖലകളിലും ഉയര്‍ന്ന് നില്‍ക്കാന്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചു- മന്ത്രി ടി.പി രാമകൃഷ്ണന്‍

ഒരു ബദല്‍ നിലപാട് പോലെ എല്ലാ മേഖലകളിലും ഉയര്‍ന്ന് നില്‍ക്കാന്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍.   ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും മറ്റ് പല മേഖലകളിലും സഹകരണ പ്രസ്ഥാനം കൈവച്ചു കഴിഞ്ഞിട്ടുണ്ട്. കാലിക്കറ്റ് നോര്‍ത്ത് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച നീതി മെഡിക്കല്‍ ലാബിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നീതി മെഡിക്കല്‍ ലാബേറട്ടറിയില്‍ മിക്കവാറും എല്ലാ രോഗങ്ങളും കണ്ടെത്തുന്നതിനുള്ള സൗകര്യം  ഒരുക്കിയിട്ടുണ്ട്.  ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് സഹകരണ പ്രസ്ഥാനം നല്‍കുന്ന പരിഗണനയാണ് ഇത് സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഓണത്തോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങള്‍ വില കുറച്ച് കിട്ടാന്‍ കണ്‍സ്യൂമര്‍ഫെഡിന്റെ നിയന്ത്രണത്തില്‍  അതിവിപുലമായ വിതരണ ശൃംഖലയാണ് ശക്തിപ്പെടുത്തുന്നത്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ നേതൃത്വത്തിലും നിത്യോപയോഗ സാധനങ്ങളും ഭക്ഷ്യ വസ്തുക്കളും വിലകുറച്ച് ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലാബിലെ ബയോകെമിസ്ട്രി വിഭാഗം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പരിശോധന വിഭാഗത്തിന്റെ ഉദ്ഘാടനം കണ്‍സ്യൂമെര്‍ഫെഡ്‌ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബും ഇ.സി.ജി സെന്റര്‍ ഉദ്ഘാടനം കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.രാധാകൃഷ്ണനും  നിര്‍വ്വഹിച്ചു. കാലിക്കറ്റ് നോര്‍ത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു.
ആധുനിക സൗകര്യങ്ങളോടെ വെസ്റ്റ്ഹില്ലിലെ ബാങ്ക് കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ലബോറട്ടറിയില്‍ എല്ലാ പരിശോധനകള്‍ക്കും 30 മുതല്‍ 60 ശതമാനം വരെ ഇളവ് ലഭിക്കും. മരുന്നുകള്‍ക്ക് 40 ശതമാനം വിലയിളവും ലഭിക്കും.
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ എപ്ലസ് നേടിയവരെ ചടങ്ങില്‍ അനുമോദിച്ചു.  എണ്‍പത് വയസ്സ് കഴിഞ്ഞ ബാങ്കിന്റെ മുന്‍കാല പ്രസിഡന്റ്മാരെ ആദരിക്കലും ചടങ്ങിന്റെ ഭാഗമായി നടത്തി.
ചടങ്ങില്‍ കാലിക്കറ്റ് നോര്‍ത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.അനിത കുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ വി.കെ രാധാകൃഷ്ണന്‍, സഹകരണ വകുപ്പ് രജിസ്ട്രാര്‍ പ്ലാനിംഗ് അസിസ്റ്റന്റ് അഗസ്റ്റി,  സഹകരണ വകുപ്പ് അസ്സി.രജിസ്ട്രാര്‍ എന്‍.എം ഷീജ, കോര്‍പറേഷന്‍ സ്ഥിരം സമിതി അംഗങ്ങള്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പ്രതിനിധികള്‍,  വിവിധ ബാങ്കുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments

COMMENTS

error: Content is protected !!