ആസാദി സമരഗാന നായികയും വനിതാ വിമോചക പ്രവർത്തകയുമായ കമലാ ഭാസിൻ അന്തരിച്ചു.

എഴുത്തുകാരിയും വനിതാ വിമോചന പ്രവർത്തകയുമായ കമല ഭാസിന്‍(75) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു അന്ത്യം. കമലയ്ക്ക് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചിരുന്നു.

ഇന്ത്യയില്‍ പല വിദ്യാര്‍ഥി സമരങ്ങളിലും ഉയര്‍ന്ന് കേള്‍ക്കുന്ന ‘ആസാദി’ എന്ന സമരഗാനത്തിന്റെ ഉത്ഭവം 1991 ല്‍ കമലാ ഭസീനിലൂടെയായിരുന്നു. ജാദവ്പൂർ സർവകലാശാലയിൽ നടന്ന ഒരു സമ്മേളനത്തിലാണ് ആദ്യമായി ആസാദി എന്ന കവിത കമലാ ഭസീൻ വായിക്കുന്നത്.

“മേരി ബെഹാനെ മാംഗെ ആസാദി,

മേരി ബച്ചി മാംഗെ ആസാദി, നരി കാ നാര ആസാദി..”

(എന്റെ സഹോദരിമാർക്ക് സ്വാതന്ത്ര്യം വേണം, എന്റെ മകൾക്ക് സ്വാതന്ത്ര്യം വേണം, ഓരോ സ്ത്രീയുടെയും മുദ്രാവാക്യം സ്വാതന്ത്ര്യമാണ്).

പിന്നീട് ആസാദി എന്ന കവിത രാജ്യത്ത് വലിയ തോതില്‍ പ്രചരിക്കപ്പെട്ടു. സ്ത്രീകളുടെ തുല്യ അവകാശത്തിനായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലേറയായി രാജ്യമെമ്പാടും നടന്ന പോരാട്ടങ്ങളില്‍ ഭസീന്‍ ഈ കവിത ചൊല്ലി. “പുരുഷാധിപത്യത്തിൽ നിന്ന് സ്വാതന്ത്ര്യം, എല്ലാ ശ്രേണിയിൽ നിന്നും സ്വാതന്ത്ര്യം, അവസാനിക്കാത്ത അക്രമത്തിൽ നിന്ന് സ്വാതന്ത്ര്യം, നിശബ്ദതയിൽ നിന്ന് സ്വാതന്ത്ര്യം,” അവര്‍ പാടി.

1946 ഏപ്രില്‍ 24നാണ് കമലയുടെ ജനനം.ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നതിനാല്‍ ഇന്ത്യന്‍ സ്ത്രീകളുടെ ജീവിത സാഹചര്യങ്ങളെ കുറിച്ച് കമലയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. ‘ക്യോംകി മേ ലഡ്കീ ഹും’ എന്ന  കവിത ശ്രദ്ധിക്കപ്പെട്ടു. 2002- ൽ ഫെമിനിസ്‌ററ് നെററ് വർക്കായ സംഗത് സ്ഥാപിച്ചു. ഇന്ത്യയിലേയും ദക്ഷിണേഷ്യല്‍ മേഖലയിലും സ്ത്രീവിമോചന മുന്നേറ്റങ്ങളുടെ ചാലകശക്തിയായിരുന്നു. 35 വര്‍ഷത്തിലേറെയായി വികസനം, വിദ്യാഭ്യാസം, ലിംഗഭേദം, മാധ്യമം തുടങ്ങി നിരവധി വിഷയങ്ങളില്‍ സജീവമായി ഇടപെട്ടു. 1976 മുതല്‍ 2001 വരെ അവര്‍ യു എൻ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷനില്‍ (എഫ്എഒ) പ്രവര്‍ത്തിച്ചു.

1985 ൽ പാകിസ്ഥാനിൽ നടന്ന ഒരു വനിതാ കോൺഫറൻസിൽ താൻ കേട്ട ഒന്നില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അസാദി എന്ന ഗാനത്തിലേക്ക് എത്തിയതെന്ന് ചില അഭിമുഖങ്ങളിൽ ഭസീന്‍ പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ മിക്ക ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെയും വിപ്ലവ മുദ്രാവാക്യമായി അത് പിന്നീട് മാറുകയുണ്ടായി. ഇന്നും സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള പല പ്രതിഷേധങ്ങളിലും ഈ സമരഗാനം ഉയര്‍ന്ന് കേള്‍ക്കുന്നു.

അസാദി എന്ന സമരഗാനം ഫെമിനിസ്റ്റുകള്‍ക്ക് മാത്രമുള്ള മുദ്രാവാക്യം അല്ലെന്ന് ഭസീന്‍ പറഞ്ഞിരുന്നു. “തുടക്കം മുതൽ ഞങ്ങൾ കർഷകരെയും തൊഴിലാളികളെയും ആദിവാസികളെയും പോരാട്ടത്തിന്റെ ഭാഗമാക്കി. ജാതി വ്യവസ്ഥയില്‍ നിന്ന് സ്വാതന്ത്ര്യം ലഭിക്കാത്ത സ്ത്രീകൾക്ക് മറ്റ് സ്വതന്ത്ര്യങ്ങളും ലഭിക്കുക അസാധ്യമാണ്,” ഭസീന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

കമല ഭാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ശശി തരൂരും ട്വീറ്റ് ചെയ്തു. ‘സ്ത്രീശാക്തീകരണത്തിന്റെ ശബ്ദം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ നായിക, മരണമില്ലാത്ത കവി, പ്രചോദനമേകുന്ന കമല ഭാസിന് വിട’

രാജസ്ഥാനില്‍ ബിരുദ, ബിരുദാനന്തര പഠനങ്ങള്‍ക്ക് പൂർത്തിയാക്കി. ഫെല്ലോഷിപ്പോടെ പശ്ചിമ ജര്‍മ്മനിയിലെ മൂണ്‍സ്റ്റര്‍ സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തി.

 

Comments

COMMENTS

error: Content is protected !!