വന്യജീവി ആക്രമണത്തിലൂടെയുണ്ടാകുന്ന കൃഷി നാശത്തിനും ജീവഹാനിക്കും; സമഗ്ര പദ്ധതിയുമായി സർക്കാർ
സംസ്ഥാനത്തെ വന്യജീവി ആക്രമണം തടയുന്നതിന് 605 കോടിയുടെ സമഗ്ര പദ്ധതിയുമായി സർക്കാർ. മൂന്ന് വർഷം കൊണ്ട് നടപ്പാക്കാൻ ലക്ഷ്യമിടുന്ന പ്രവർത്തനങ്ങൾ ഉൾകൊളളിച്ചിട്ടുളള പദ്ധതി കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. വന്യജീവി ആക്രമണത്തിൽ നിരവധി ജീവനുകൾ പൊലിയാൻ കാരണമാവുകയും കൃഷി നാശങ്ങളും കണക്കിലെടുത്താണ് പുതിയ പദ്ധതി രൂപീകരിച്ചതെന്ന് വനംവകുപ്പ് വ്യക്താക്കി.
വരുന്ന മൂന്ന് വർഷം വന്യജീവികൾ മൂലം മനുഷ്യർ നേരിടാനുളള പ്രശ്നങ്ങളെല്ലാം കണക്കിലെടുത്താണ് പദ്ധതി തയ്യാറാക്കിയതെന്ന് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി ജയപ്രസാദ് പറഞ്ഞു.
വതാതിർത്തികളിൽ എത്ര കടിങ്ങുകൾ സ്ഥാപിക്കണം, എത്ര സൗരോർജ വേലികൾ സ്ഥാപിക്കണം, വന്യജീവി ആക്രമണ സാധ്യത എത്രമാത്രം എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വന്യജീവി ആക്രമണത്തിലൂടെയുണ്ടാകുന്ന കൃഷി നാശത്തിനും ജീവഹാനിക്കും എത്ര തുക നഷ്ടപരിഹാരമായി നൽകണമെന്നും പദ്ധതിയിൽ പറയുന്നുണ്ട്.
വന്യജീവി ആക്രമണം തടയാൻ സംസ്ഥാന സർക്കാറിൽ നിന്ന് പത്ത് കോടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഒരു കോടി കഴിഞ്ഞ ദിവസം അനുവദിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ വർഷം എഴുപതോളം പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇതിൽ 25 മരണവും കാട്ടാന ആക്രമണത്തിലാണ്. 15 വർഷത്തിനിടെ 1320 പേർ വന്യജീവി ആക്രമണത്തിൽ മരിക്കുകയും 4400 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് കണക്കുകൾ പറയുന്നത്.