വയനാട്ടില്‍ ഗര്‍ഭിണിയായ യുവതി കുഞ്ഞുമായി പുഴയില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്തൃവീട്ടുകാര്‍ പോലീസില്‍ കീഴടങ്ങി
വയനാട്ടില്‍ ഗര്‍ഭിണിയായ യുവതി കുഞ്ഞുമായി പുഴയില്‍ച്ചാടി മരിച്ച സംഭവത്തില്‍ ആരോപണ വിധേയരായ ഭര്‍ത്തൃവീട്ടുകാര്‍ പോലീസില്‍ കീഴടങ്ങി. വെണ്ണിയോട് ജൈന്‍ സ്ട്രീറ്റിലെ അനന്തപുരി ഓംപ്രകാശിന്റെ ഭാര്യ ദര്‍ശനയും അഞ്ചുവയസ്സുകാരിയായ മകള്‍ ദക്ഷയുമാണ് മരിച്ചത്. ഓം പ്രകാശ്, ഭര്‍തൃപിതാവ് ഋഷഭ രാജ്, ഭര്‍തൃമാതാവ് ബ്രാഹ്മില എന്നിവരാണ് കമ്പളക്കാട് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. പോലീസ് കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
മുമ്പ് രണ്ടുതവണ മകളെ ഭര്‍ത്താവ് നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തി. നാലുമാസം ഗര്‍ഭിണിയായിരുന്നു അവള്‍. 2016 ഒക്ടോബറിലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞതുമുതല്‍ നിരന്തരമായി മാനസികപീഡനങ്ങളും ശാരീരികമര്‍ദനങ്ങളും ദര്‍ശന നേരിട്ടതായും കുടുംബം ആരോപിച്ചു. ഭര്‍ത്തൃപിതാവ് ദര്‍ശനയെ അസഭ്യം പറയുന്നതും സ്വര്‍ണവും പണവും ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിക്കുന്നതും പതിവായിരുന്നു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണം ആവശ്യപ്പെട്ടുകൊണ്ടുള്ള മാനസികപീഡനം തുടങ്ങി. ദര്‍ശന സ്വന്തം വീട്ടിലേക്ക് വരുന്നതിനുപോലും ഭര്‍ത്തൃവീട്ടുകാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.