വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി
സുല്‍ത്താന്‍ ബത്തേരി: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം രൂക്ഷമാകുന്നു. സുല്‍ത്താന്‍ ബത്തേരി ബീനാച്ചിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ വളർത്തുമൃഗങ്ങളെ കൊന്നു. ബീനാച്ചി കൊണ്ടോട്ടിമുക്ക് ഉമ്മറിന്റെ രണ്ട് ആടുകളെയാണ് കടുവ കൊന്നത്. വിവരമറിഞ്ഞെത്തിയ വനപാലകർ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.
മീനങ്ങാടിയിൽ ആടുകളെ കൊന്ന കടുവയാണ് ഇവിടെയും ആക്രമണം നടത്തിയതെന്നാണ് വനം വകുപ്പ് പറയുന്നത്. കടുവ ബീനാച്ചി എസ്റ്റേറ്റിനുള്ളിൽ ഉണ്ടെന്നാണ് സംശയിക്കുന്നത്. എന്നാല്‍ കാടുമൂടിയ എസ്റ്റേറ്റിൽ തെരച്ചിൽ നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടാണ് വനം വകുപ്പിന് മുന്നിലുള്ള വെല്ലുവിളി. അതേസമയം തുടര്‍ച്ചയായുണ്ടായ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പൊറുതി മുട്ടിയിരിക്കുകയാണ് വയനാട്ടിനെ ജനം. കടുവയെ പിടികൂടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും വനം വകുപ്പ് കെണിയൊരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.