കാനം വിട വാങ്ങി

കൊച്ചി :  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കുറച്ചുനാളായി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നിന്നിരുന്നു.

കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തില്‍ 1950 നവംബര്‍ 10-നാണ് കാനം രാജേന്ദ്രന്‍റെ ജനനം. എഴുപതുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് പ്രവേശിക്കുന്നത്. 1971ല്‍ 21-ാം വയസ്സില്‍ സംസ്ഥാനകൗണ്‍സിലില്‍ എത്തി. എന്‍ ഇ ബല്‍റാം പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ 1975-ല്‍ എം എന്‍ ഗോവിന്ദന്‍ നായര്‍, ടി വി തോമസ്, സി അച്യുതമേനോന്‍ എന്നിവര്‍ക്കൊപ്പം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെട്ടു.

എഐവൈഎഫ് സംസ്ഥാനസെക്രട്ടറിയും ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന കനാത്തിന്റെ പോരാട്ടവീര്യം എഐടിയുസിയിലൂടെയും കേരളം കണ്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറിയായ അദ്ദേഹം സംഘടനയെ ഇന്ത്യയിലെ കരുത്തുള്ള ഘടകമാക്കിമാറ്റി. സിനിമ, ഐ.ടി, പുതുതലമുറബാങ്കുകള്‍ തുടങ്ങി എഐടിയുസിക്ക് വിവിധ മേഖലകളില്‍ ഘടകങ്ങളുണ്ടാക്കി. ഭാര്യ: വനജ. മക്കൾ: സന്ദീപ്, സ്‌മിത. മരുമക്കൾ: താരാ സന്ദീപ്, വി സർവേശ്വരൻ.

Comments
error: Content is protected !!