വരകുന്നില്‍ വനിതാ പരിശീലന കേന്ദ്രവും കമ്യൂണിറ്റി ഹാളും ഉദ്ഘാടനം ഇന്ന് വൈകീട്ട്
വരകുന്നില്‍ വനിതകള്‍ക്കായി തൊഴില്‍ പരിശീലന നൈപുണ്യവികസന കേന്ദ്രമൊരുങ്ങുന്നു. കൊയിലാണ്ടി നഗരസഭ 75 ലക്ഷം ചെലവില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായി കിടന്ന കേന്ദ്രം ആധുനിക കാലത്തിന്റെ ആവശ്യത്തിന് അനുസരിച്ച് പുതുമോടിയില്‍ ജില്ലാതല പരിശീലന കേന്ദ്രമായി വികസിപ്പിച്ചപ്പോള്‍ 100 പേര്‍ക്കിരിക്കാവുന്ന ക്ലാസ് മുറികള്‍ ,ഓഫീസ്, ലൈബ്രറി, സ്വീകരണമുറി എന്നിവ തയ്യാറായി കഴിഞ്ഞു. പ്രായോഗിക പരിശീലനത്തിനുള്ള പ്രത്യേക സംവിധാനവും പരിശീലന കേന്ദ്രത്തിന്റെ അനുബന്ധമായുണ്ട്. 100 പേര്‍ക്ക് താമസിക്കാനുള്ള ബാത്ത് അറ്റാച്ച്ഡ് ഡോര്‍മിറ്ററി ,കുടുംബശ്രീ യൂണിറ്റിന്റെ നാടന്‍ ഭക്ഷണശാല, എന്നിവയും ഈ കേന്ദ്രത്തില്‍ സജ്ജമായിക്കഴിഞ്ഞു. കുടുബശ്രീ ജില്ലാമിഷനുമായി കരാര്‍ വ്യവസ്ഥയില്‍ സംയുക്ത സംരംഭമായാണ് പരിശീലന കേന്ദ്രത്തിന്റെ തുടര്‍ പ്രവര്‍ത്തനം നടക്കുക. ഈകേന്ദ്രത്തിന്റെ അനുബന്ധമായി 500 പേര്‍ക്ക് ഇരിക്കാവുന്ന കമ്യൂണിറ്റി ഹാളും സ്റ്റേജും ഒരുങ്ങി ക്കഴിഞ്ഞു. വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യം, സുരക്ഷിതമായ കവാടവും തയ്യാറായി. പാചകശാലയുടെ പ്രവര്‍ത്തി ഉടന്‍ പുര്‍ത്തിയാവും. കുടുംബശ്രീ ജില്ലാ പരിശീലനങ്ങള്‍ക്ക് വേദിയൊരുക്കുന്നതോടൊപ്പം വിവിധ സംഘടനകളുടെ സമ്മേളനങ്ങള്‍ ,പരിശീലന പരിപാടികള്‍ ,സര്‍ക്കാര്‍ പരിപാടികള്‍ എന്നിവയ്ക്കും ഈ സൗകര്യം വളരെ പ്രയോജനപ്പെടും. വിവാഹങ്ങള്‍, വിവാഹ സല്‍ക്കാരങ്ങള്‍ എന്നിവയ്ക്കുള്ള പന്തലും അനുബന്ധ സൗകര്യങ്ങളുമൊരുക്കാന്‍ ഭാരിച്ച ചെലവ് വരുന്ന ഇക്കാലത്ത് വളരെ കുറഞ്ഞ ചെലവില്‍ സാധാരണക്കാര്‍ക്ക് ഈ സൗകര്യം വളരെ സഹായകരമാവുമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ.കെ സത്യന്‍ പറഞ്ഞു. നവീകരിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന് ചൊവ്വാഴ്ച 3 മണിക്ക് തൊഴില്‍ എക്‌സൈസ് വകുപ്പുമന്ത്രി .ടി.പി.രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും.