KERALAUncategorized

വളര്‍ത്തുനായകള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധം, പേവിഷബാധ മരണം ഒഴിവാക്കാന്‍ പ്രത്യേക കര്‍മ്മപദ്ധതി

 

Rabies.

തിരുവനന്തപുരം: പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് പ്രത്യേക കര്‍മ്മപരിപാടി ആരംഭിച്ചു.വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പേ വിഷബാധയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് നായകളുടെ കടിയേല്‍ക്കുന്നത് നേരത്തെയുണ്ടായിരുന്നതില്‍ നിന്നും രണ്ടിരട്ടി വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും മന്ത്രി വിശദീകരിച്ചു.

പേ വിഷബാധയ്‌ക്കെതിരെ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍‍, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. വീട്ടില്‍ വളര്‍ത്തുന്ന എല്ലാ നായകള്‍ക്കും നിര്‍ബന്ധമായും വാക്‌സിനേഷന്‍ എടുക്കണമെന്നാണ് യോഗത്തിലെ തീരുമാനം. തദ്ദേശ സ്വയംഭരണ വകുപ്പ് വളര്‍ത്ത് നായകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കും. വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടങ്ങുന്ന ചിപ്പ് നായകള്‍ക്ക് ഘടിപ്പിക്കേണ്ടതാണ്. തെരുവ് നായകളുടെ വന്ധ്യംകരണ പ്രക്രിയ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കും. ഇതിനായി അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരമായുള്ള സംഘടനകളുടെ സേവനം പ്രയോജനപ്പെടുത്തും. തദ്ദേശസ്ഥാപനങ്ങള്‍ പ്രത്യേക പദ്ധതി വഴി എബിസി പ്രോഗ്രാം നടപ്പിലാക്കും.

ആരോഗ്യ വകുപ്പ് പേ വിഷബാധയ്‌ക്കെതിരായ അവബോധം ശക്തമാക്കും. വാക്‌സിന്റെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. പൂച്ച, പട്ടി തുടങ്ങിയ മൃഗങ്ങളുടെ കടിയോ, പോറലോ ഏറ്റാല്‍ പോലും ചികിത്സ തേടേണ്ടതാണ്. എല്ലാവരും കൃത്യസമയത്ത് വാക്‌സിന്‍ എടുക്കണം. കടിയേറ്റ ആളുകള്‍ക്കുള്ള പ്രഥമ ശുശ്രൂഷ, എത്രയും വേഗം ചികിത്സ ഉറപ്പാക്കല്‍, വാക്‌സിനേഷന്‍ എന്നിവയില്‍ ബോധവത്ക്കരണം ശക്തമാക്കും. കഴിഞ്ഞ ദിവസങ്ങളില്‍ പേവിഷ ബാധ മരണങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്‌ കൊണ്ടുള്ള നീക്കം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button