Politics
വാദം പൂർത്തിയായി; ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

മുംബൈ: ലൈഗീംക പീഡന പരാതിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയിൻ മേലുള്ള വിധി ഇന്ന്. മുംബൈ ദിൻദോഷി സെഷൻസ് കേടതിയാണ് വിധി പറയുക. യുവതിയുടെയും ബിനോയുടെയും വാദങ്ങൾ കേട്ട ശേഷമാണ് കോടതി വിധി പറയുക.
ബീഹാർ സ്വദേശിയായ യുവതിയുടെ പരാതിൻ മേലുള്ള ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ മുംബൈ ദിൽദേഷി സെഷൻസ് കോടതി ബിനോയിയുടെയും യുവതിയുടെയും വാദങ്ങൾ കേട്ടു. തനിക്കെതിരെ യുവതി നൽകിയ പരാതി വ്യാജമാണെന്ന് ചൂണ്ടി കാട്ടിയാണ് ബിനോയിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. യുവതിയുമായി വിവാഹം നടന്നുവെന്നതിന് പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖ വ്യാജമാണെന്നും യുവതിയുടെ അഭിഭാഷകൻ നൽകിയ രേഖകളിലുള്ള ഒപ്പ് ബിനോയിയുടേതല്ലെന്നും ബിനോയിയുടെ അഭിഭാഷകൻ വാദിച്ചു.
അറസ്റ്റ് ഒഴിവാക്കാനാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഈ സാഹചര്യത്തിൽ ഡിഎൻഎ പരിശോധനയിലേക്ക് കടക്കേണ്ടതില്ല. യുവതിക്ക് വിവാഹം നടന്നുവെന്ന് പറയുന്ന തീയതിയെപ്പറ്റി സംശയമുണ്ടെന്നും രേഖകളിൽ വൈരുധ്യമുണ്ടെന്നും പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി. ബിനോയിയുടെ പിതാവ് മുന്‍ മന്ത്രിയാണെന്ന കാര്യവും പരിഗണിക്കേണ്ടതില്ലെന്നും പ്രതിഭാഗം വാദിച്ചു.
എന്നാൽ ഈ വാദങ്ങള്‍ക്കെതിരെ യുവതിയുടെ അഭിഭാഷകൻ രംഗത്തെത്തി. ബിനോയ് നല്‍കിയ വിസയും ടിക്കറ്റും ഉപയോഗിച്ചാണ് യുവതി ദുബായിലേക്ക് പോയത്. ആദ്യ വിവാഹം മറച്ചുവെച്ചാണ് ബിനോയ് യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കിയതെന്നും ബിനോയിയും അമ്മയും കുട്ടിയെ തട്ടിക്കൊണ്ടു പോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും യുവതിയുടെ അഭിഭാഷകൻ വാദിച്ചു. ബിനോയിയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യതയുള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്നും യുവതിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
യുവതി വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിച്ച രേഖകളെ സംബന്ധിച്ച് ബിനോയിയുടെ അഭിഭാഷകന്‍ അശോക് ഗുപ്തയുടെ വാദം കേട്ട ശേഷമാണ് കോടതി മുന്‍കൂര്‍ ജാമ്യത്തില്‍ വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്.
Comments