വായനാപക്ഷാചരണം ഉത്സവമാക്കി പേരാമ്പ്ര വെല്‍ഫയര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

വായനാപക്ഷാചരണം ഉത്സവമാക്കി പേരാമ്പ്ര വെല്‍ഫയര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍
തീവണ്ടി…വലിയ തീവണ്ടി….നീളമുള്ള വലിയ തീവണ്ടി … കവിതയുടെ താളം ചോര്‍ന്നു പോവാതെ പേരാമ്പ്ര സര്‍ക്കാര്‍ വെല്‍ഫയര്‍ എല്‍.പി സ്‌കൂളിലെ മൂന്നാം ക്ലാസുകാരി പാര്‍വ്വതി പാടിത്തുടങ്ങി. താളത്തിലും ഈണത്തിലും വായനയുടെ രസം ചോര്‍ന്നു പോവാതെ സ്‌കൂളിലെ മുഴുവന്‍ കുട്ടികളും വായനാപക്ഷാചരണത്തെ എറ്റെടുത്തു.  പി.എന്‍ പണിക്കരുടെ ചരമവാര്‍ഷിക ദിനമായ ജൂണ്‍ 19 ന് ആരംഭിച്ച വായനാ പക്ഷാചരണത്തിന്റെ തുടര്‍ച്ചയായാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്  വെല്‍ഫയര്‍ സ്‌കൂളില്‍ വായനാ മത്സരവും പരിപാടികളും  നടത്തിയത്.
വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച വായനാ മത്സരത്തില്‍ സ്‌കൂളിലെ 19 കുട്ടികളും പങ്കാളികളായി. മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയതും പാര്‍വ്വതി തന്നെ.
 ഇത്തരം പരിപാടികള്‍ കുടുതല്‍ വായിക്കാനുള്ള ഊര്‍ജ്ജമാണ് കുട്ടികള്‍ക്ക് നല്‍കുന്നതെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മൊയ്തീന്‍കുഞ്ഞ് പറഞ്ഞു.
കൈയ്യടിയും കളിചിരികളുമായി അധ്യാപകര്‍ക്കും കാഴ്ചക്കാര്‍ക്കും വായനാ മത്സരം വേറിട്ട അനുഭവമായി. ചെറിയ കഥകളും കവിതകളുമാണ്  കുട്ടികള്‍ക്ക് വായിക്കാനായി നല്‍കിയത്.  വായനാ മത്സരത്തില്‍ യദുകൃഷ്ണന്‍ രണ്ടാം സ്ഥാനവും ഇഹാന്‍ റഷീദ് മൂന്നാം സ്ഥാനവും നേടി. വിവിധ ബാലസാഹിത്യ കഥാപുസ്തകങ്ങളാണ് വിജയികള്‍ക്ക് സമ്മാനമായി നല്‍കിയത്. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രോത്സാഹന സമ്മാനമായി പുസ്തകങ്ങള്‍ നല്‍കി. പതിമൂന്ന് കുട്ടികള്‍ മാത്രം പഠിച്ചിരുന്ന സ്‌കൂളിലേക്ക് ഈ അധ്യയന വര്‍ഷം ആറ് കുട്ടികളാണ് അധികമായി ചേര്‍ന്നത്. വര്‍ഷങ്ങളായി സാംബവ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ മാത്രം പഠിച്ചിരുന്ന സ്‌കൂളിലെ അപ്രഖ്യാപിത വേലിക്കെട്ട്  തകര്‍ത്ത്  പുതിയ കൂട്ടുകാര്‍ വന്നു ചേര്‍ന്നതിന്റെ ആവേശവും  കുട്ടികളില്‍ കാണാമായിരുന്നു. അക്ഷരങ്ങള്‍ പഠിപ്പിക്കാനും നല്ല മനുഷ്യരായി ഇവിടുത്തെ കുട്ടികളെ വാര്‍ത്തെടുക്കാനുമായി നാല് അധ്യാപകരാണ് സ്‌കൂളിലുള്ളത്.
പരിപാടിയില്‍   ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.കല, പേരാമ്പ്ര ബ്ലോക്ക്  പ്രോഗ്രാം ഓഫീസര്‍ കെ.വി വിനോദന്‍, ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ടി.എം രാജന്‍, സ്റ്റാഫ് സെക്രട്ടറി കെ.കെ പ്രജീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.\
Comments

COMMENTS

error: Content is protected !!