വാളയാര്‍ കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി അഡ്വ. രാജേഷ് എം മേനോനെ നിയമിച്ചു
പെണ്‍കുട്ടികളുടെ അമ്മയുടെ അപേക്ഷ പരിഗണിച്ച് വാളയാര്‍ കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി അഡ്വ. രാജേഷ് എം മേനോനെ നിയമിച്ചു. അട്ടപ്പാടി മധുവധക്കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു അഡ്വ രാജേഷ് എം മേനോന്‍. വാളയാര്‍ കേസില്‍ സിബിഐയുടെ തുടരന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ മാസമാണ് കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായ അനില്‍ കെ ആന്റണിയെ മാറ്റണമെന്ന ആവശ്യവുമായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ രംഗത്തെത്തിയത്. പെണ്‍കുട്ടികളുടെ മരണം അന്വേഷിച്ച ആദ്യ സിബിഐ സംഘം കുട്ടികളുടെ മരണം ആത്മഹത്യയാണെന്നായിരുന്നു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കുറ്റപത്രം ന്യായീകരിച്ച സര്‍ക്കാര്‍ അഭിഭാഷകനെ ഉടന്‍ മാറ്റണമെന്നായിരുന്നു കുട്ടികളുടെ അമ്മയുടെ ആവശ്യം.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തങ്ങളുമായി സംസാരിക്കാന്‍ പോലും തയ്യാറാക്കാത്ത അഭിഭാഷകന് പകരം അട്ടപ്പാടി മധു വധക്കേസ് വാദിച്ച രാജേഷ് എം മേനോനെ നിയമിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. സിബിഐ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായാണ് നിയമനം. നേരത്തെ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് വേണ്ടി ഹാജരായ രാജേഷ് എം മേനോനാണ് കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതിയോട് ആവശ്യപ്പെട്ടത്.
സിബിഐ തിരുവനന്തപുരം യൂണിറ്റിലെ സംഘമാണ് നിലവില്‍ കേസിലെ തുടരന്വേഷണം നടത്തുന്നത്. അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കും മുമ്പ് രാജേഷ് എം മേനോനെ നിയമിക്കണമെന്നാണ് അമ്മ ആവശ്യപ്പെട്ടത്. പാലക്കാട് പോക്‌സോ കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് കേസില്‍ തുടരന്വേഷണം നടക്കുന്നത്. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദേശം.